ജനപ്രിയ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരമാണ് മൃദുല വിജയ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം എന്ന സീരിയലിൽ ഇഷിത എന്ന കഥാപാത്രത്തെയാണ് മൃദുല ഇപ്പോൾ അവതരിപ്പിക്കുന്നത്. തന്റെയീ ചിരിക്കുന്ന മുഖത്തിനു പിന്നിൽ ഒരുപാട് ദു:ഖങ്ങളുടെയും പ്രതിസന്ധികളുടെയും ഭൂതകാലം ഉണ്ടെന്നു പറയുകയാണ് മൃദുല. സിനിമയിൽ അഭിനയിക്കാനായിരുന്നു ആഗ്രഹമെന്നും എന്നാൽ സാഹചര്യങ്ങൾ തന്നെ സീരിയലിൽ എത്തിക്കുകയായിരുന്നു എന്നും താരം പറയുന്നു.
”സീരിയൽ എനിക്കിഷ്ടമില്ലാതിരുന്ന ഫീൽഡാണ്. സിനിമ മതിയെന്നു പറഞ്ഞു നടന്ന ആളാണ് ഞാൻ. ചെറുപ്പം മുതലേ ഡാൻസിനോട് ഇഷ്‌ടമാണ്. അമ്മയ്ക്കായിരുന്നു എന്നെ സിനിമയിൽ അഭിനയിപ്പിക്കാൻ ഏറ്റവും കൂടുതൽ താത്പര്യം. ഒരിക്കൽ ബാല താരങ്ങളെ ആവശ്യമുണ്ടെന്ന് പേപ്പറിൽ പരസ്യം കണ്ട് അവിടെ പോയി. പക്ഷെ ആ സിനിമ മുന്നോട്ട് പോയില്ല. പക്ഷെ അവിടെ നിന്നും കോൺടാക്ടുകൾ ലഭിച്ചു. അങ്ങനെ തമിഴിലും മലയാളത്തിലും ചില സിനിമകൾ ചെയ്തു. ചിലതൊക്കെ റിലീസായി. ചിലത് റിലീസായിട്ടില്ല”,എന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മൃദുല പറഞ്ഞു.
”ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും ഒരു ആക്സിഡന്റ് സംഭവിച്ചു. ജീവിതം വഴിമുട്ടിയ സാഹചര്യം. അപ്പോഴാണ് ജനാർദനൻ സാറിന്റെ സീരിയലിലേക്ക് എന്നെ വിളിക്കുന്നത്. അതിന് മുമ്പ് സീരിയൽ ഓഫറുകൾ വേണ്ടെന്ന് വെച്ചതായിരുന്നു. വേറൊരു നിവൃത്തിയില്ലാത്തതിനാൽ സീരിയൽ ചെയ്യാമെന്ന് അമ്മ പറഞ്ഞു. ആ സമയത്തൊക്കെ പരീക്ഷ കഴിഞ്ഞ് ഞാൻ നേരെ ആശുപത്രിയിലേക്കാണ് പോകുക. വാർഡിൽ അമ്മയ്ക്കൊപ്പം നിൽക്കും. അമ്മയുടെ കട്ടിലിൽ തന്നെ കിടക്കും. അനിയത്തി വീട്ടിൽ അച്ഛനെ നോക്കും. അന്ന് അവൾ പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയമാണ്. അവൾക്ക് പ്ലസ് ടുവിൽ ചേരാൻ പണം വേണം. എനിക്ക് ഡിഗ്രി ചെയ്യാനും പൈസ വേണം. അവൾ പഠിച്ചോട്ടെ എന്നു വിചാരിച്ച് ഞാൻ ഡിഗ്രിക്ക് ചേർന്നില്ല. പകരം ഡിസ്റ്റന്റ് ആയി ബിഎ സൈക്കോളജി പഠിച്ചു”, എന്നും മൃദുല കൂട്ടിച്ചേർത്തു.
”ജനിച്ച അന്ന് മുതൽ ഞങ്ങൾ വാടക വീട്ടിലാണ്. 13 വീടുകളിലെങ്കിലും മാറിമാറി നിന്നിട്ടുണ്ടാകും. സ്വന്തമായാെരു വീട് വെക്കുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അത് സാധിച്ചു. ഇനി സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം, അതാണ് ഇപ്പോളത്തെ ഏറ്റവും വലിയ ആഗ്രഹം”, എന്നും മൃദുല പറഞ്ഞു.