ഓടുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് പുറത്തേക്ക് കിടക്കുന്ന കൈ, പരിഭ്രാന്തരായി നാട്ടുകാർ; പിടിച്ചപ്പോൾ പ്രാങ്ക്
മുംബൈ: തിരക്കേറിയ റോഡിലൂടെ ഓടുന്ന കാറിന്റെ ഡിക്കിയിൽ നിന്ന് പുറത്തേക്ക് കിടന്ന കൈ ആളുകളെ പരിഭ്രാന്തരാക്കി. പിന്നാലെ വന്ന വാഹനത്തിലെ ഡ്രൈവർ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഈ കാഴ്ച വൈറലാവുകയും ചെയ്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ട അധികൃതർ വാഹനം കണ്ടെത്തി ആളുകളെ പിടിച്ചപ്പോഴാണ് എല്ലാം പ്രാങ്കാണെന്ന മറുപടി ലഭിച്ചത്.
നവി മുംബൈയിലെ വാഷിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ജീവനറ്റ മനുഷ്യ ശരീരം ഇന്നോവ കാറിന്റെ ഡിക്കിയിലിട്ട് കൊണ്ടുപോകുന്നെന്ന തരത്തിൽ ഒരു മാത്രം പുറത്തേക്ക് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നാലെ വന്ന ഒരു വാഹനത്തിന്റെ ഡ്രൈവറാണ് ഈ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ പലരും ആശങ്കയറിയിച്ചു. ഒരു കുറ്റകൃത്യം നടന്നതായുള്ള സംശയത്തെ തുടർന്ന് വീഡിയോ കണ്ട് പൊലീസും അന്വേഷണം തുടങ്ങി.
വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നോക്കി നവി മുംബൈ പൊലീസും ക്രൈം ബ്രാഞ്ചും രണ്ട് മണിക്കൂറിനകം തന്നെ ഘത്ഗോപാറിൽ നിന്ന് വാഹനം കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് വാഹനം ഓടിച്ചയാളും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും എല്ലാം പ്രാങ്കായിരുന്നെന്ന് പൊലീസിനോട് പറയുന്നത്. ഒരു ലാപ്ടോപ് കടയുടെ പരസ്യത്തിന് വേണ്ടി വീഡിയോ ചിത്രീകരിക്കുകയായിരുന്നത്രെ. നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
കൂട്ടത്തിൽ ഒരാൾക്ക് ഒരു നവി മുംബൈയിൽ ഒരു ലാപ്ടോപ്പ് ഷോപ്പ് ഉണ്ടത്രെ. അവിടുത്തെ കച്ചവടം കൂട്ടാൻ പരസ്യത്തിനായി ചെയ്ത പ്രാങ്കായിരുന്നു ഇതെന്നാണ് യുവാക്കൾ പറയുന്നത്. മനുഷ്യന്റെ കൈ പോലെ തോന്നിപ്പിക്കുന്ന കൃത്രിമ കൈ സംഘടിപ്പിച്ച് വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇട്ടായിരുന്നു വീഡിയോ ചിത്രീകരിച്ചത് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യാനായാണ് വീഡിയോ എടുത്തതെന്നും ഇവർ പറഞ്ഞു. എന്ത് പരസ്യമാണ് ഉദ്ദേശിച്ചിരുന്നതെന്ന് പൊലീസ് വിശദീകരിച്ചില്ല. അതേസമയം അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ചതിന് മോട്ടോർ വാഹന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.