ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള സംഘം ഗൂഢാലോചന അന്വേഷിപ്പിക്കണം;മുഖ്യമന്ത്രിക്ക് കത്ത് നൽകി കെഎം എബ്രഹാം
തിരുവനന്തപുരം: തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെഎം എബ്രഹാം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഗൂഢാലോചന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം. പരാതിക്കാരൻ ജോമോൻ പുത്തൻ പുരക്കലിനെതിരെ ഗുരുതര ആരോപണവും കെ എം എബ്രാഹം ഉയർത്തി. ജോമോൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജോമോനൊപ്പം രണ്ടു പേർക്ക് കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്നും പറഞ്ഞു.
താൻ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ അഴിമതി കണ്ടെത്തിയ പൊതു മേഘല സ്ഥാപനത്തിന്റെ തലപ്പത്തു ഉണ്ടായിരുന്നവരാണ് മറ്റ് രണ്ടു പേർ. 2015 മുതൽ ഗൂഢാലോചന നടത്തി. മൂന്ന് പേരും സംസാരിച്ചതിന്റ കാൾ റെക്കോർഡ് രേഖ തന്റെ പക്കൽ ഉണ്ടെന്നും എബ്രഹാം പറഞ്ഞു. തനിക്ക് എതിരായ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീർത്തിപ്പെടുത്താനാണ്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും എബ്രഹാം പറഞ്ഞു.