എജ്ജാതി വൈബ് പൈലറ്റ്! ‘നിങ്ങൾ സ്പീഡിൽ ഓടിക്കാൻ പറഞ്ഞാൽ ഓടിക്കും’, മലയാളത്തിൽ കസറി കുശലാന്വേഷണം, വൈറൽ വീഡിയോ

അബുദാബി: നിരന്തരം വിമാനയാത്രകള്‍ നടത്തേണ്ടി വരുന്ന പ്രവാസികളടക്കമുള്ളവര്‍ക്ക് വിമാനയാത്രയും യാത്രക്കിടയില്‍ പൈലറ്റും ക്യാബിന്‍ ക്രൂവും നല്‍കുന്ന നിര്‍ദ്ദേശങ്ങളും മനഃപ്പാഠമായിരിക്കാം. വളരെ പ്രൊഫഷണലായി, ഔപചാരികതയോടെ സംസാരിക്കുന്ന വിമാന ജീവനക്കാരെയാണ് നാം കണ്ടിട്ടുള്ളത്. എന്നാല്‍ ഒരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ യാത്രക്കാരോട് ചിരിച്ചു കൊണ്ട് സംസാരിച്ചും കുശലം ചോദിച്ചും വിമാനം പറത്താന്‍ പോകുന്ന പൈലറ്റിനെ കണ്ടിട്ടുണ്ടോ? അതും മലയാളത്തിൽ! സോഷ്യൽ മീഡിയയില്‍ വൈറലാകുകയാണ് ഈ മല്ലു പൈലറ്റിന്‍റെ വീഡിയോ. 

ഒരു ചെറു പുഞ്ചിരിയോട് കൂടെ മാത്രം കണ്ട് അവസാനിപ്പാക്കാവുന്ന വീഡിയോയാണിത്. അബൂദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ നിന്നുള്ള വീഡിയോയാണിത്. ഈ വിമാനത്തിന്‍റെ പൈലറ്റ് തൊടുപുഴ സ്വദേശി ശരത് മാനുവലാണ് യാത്ര പുറപ്പെടും മുമ്പ് യാത്രക്കാരോട് മലയാളത്തില്‍ സംസാരിച്ചത്. വെറും സംസാരമല്ല കുശലാന്വേഷണവും നര്‍മ്മവും കലര്‍ത്തിയുള്ള വൈബ് സംസാരം. സ്വയം പരിചയപ്പെടുത്തിയ ശേഷം യാത്രക്കാരോട് എത്ര വര്‍ഷം കൂടിയാണ് നിങ്ങള്‍ നാട്ടിലേക്ക് പോകുന്നതെന്ന് പൈലറ്റ് ചോദിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് തന്‍റെ വക സ്പെഷ്യല്‍ ചായയുണ്ടെന്ന് പൈലറ്റ് പറയുന്നു. നാട്ടിലെത്തിയാല്‍ എന്താണ് ആദ്യം ചെയ്യാന്‍ പോകുന്നതെന്നും ശരത് മാനുവല്‍ യാത്രക്കാരോട് ചോദിക്കുന്നുണ്ട്. പലരും മറുപടിയും നല്‍കി. തന്‍റെ സഹ പൈലറ്റായ അഖിലിനെയും ക്യാബിന്‍ ക്രൂവിനെ നയിക്കുന്ന മലയാളിയെയും പൈലറ്റ് പരിചയപ്പെടുത്തി.  

Read Also –  ഒരൊറ്റ കോൾ, ഹാക്കർമാർക്കെതിരെ മുന്നറിയിപ്പ് നൽകി, ഞൊടിയിടയിൽ ബാങ്ക് അക്കൗണ്ട് കാലി, ബാക്കിയായത് വെറും 4 ദിനാർ

കൊച്ചിയിലേക്ക് 2800 കിലോമീറ്റര്‍ ദൂരമാണുള്ളതെന്നും മൂന്ന് മണിക്കൂര്‍ 45 മിനിറ്റ് കൊണ്ട് നാട്ടിലെത്തിക്കുന്നതാണെന്നും നിങ്ങള്‍ സ്പീഡില്‍ ഓടിക്കാന്‍ പറഞ്ഞാല്‍ സ്പീഡില്‍ ഓടിക്കുമെന്നും കുറച്ച് നേരത്തെ എത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും സുരക്ഷയാണ് പ്രധാനമെന്നും പൈലറ്റ് പറഞ്ഞു. എല്ലാവരും ഒന്നുറങ്ങി എഴുന്നേറ്റ് വരുമ്പോഴേക്കും നാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ദ മല്ലു ക്യാപ്റ്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ശരത് മാനുവല്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ധാരാളം മലയാളികളാണ് ശരത് മാനുവലിനെ അഭിനന്ദിച്ച് വീഡിയോക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. ഇതുപോലൊരു വിമാനത്തില്‍ കയറണമെന്നും എജ്ജാതി വൈബെന്നും പലരും കമന്‍റിട്ടിണ്ടുണ്ട്.

By admin