ഇനിയുള്ളത് കുട്ടികള്‍ കാണണ്ട, ‘ശ്രീകൃഷ്ണപ്പരുന്ത്’ തീരുംമുമ്പേ, ചിറ്റപ്പന്‍ എന്നെയും കൂട്ടിയിറങ്ങി…

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

 

‘ചേച്ചിയെ കൊണ്ട് പോയി വിടല്ലേ അച്ഛാ’- അനിയന്‍ വലിയ വായില്‍ നിലവിളിക്കുകയാണ്. അവനാകെയുള്ള കൂട്ടാണ് ഞാന്‍. പിന്നെ തടികൊണ്ട് അച്ഛന്‍ ഉണ്ടാക്കി കൊടുത്ത കുറെ പാവകളും. ഞാനില്ലാതെ, ആ പാവകളുമൊത്ത് എത്ര നേരമാണ് അവന്‍ കഴിച്ചു കൂട്ടുക? അതാണ് അവന്‍റെ കരച്ചിലിനുള്ള കാരണം.  

അവനുമായി ഞാന്‍ കൂട്ടാണ്, എനിക്കവനെ ഇഷ്ടവുമാണ്. എങ്കിലും രണ്ട് പേര്‍ മാത്രമുള്ള ഇടത്ത് വഴക്ക് ഉണ്ടാക്കാതിരിക്കുന്നതെങ്ങിനെ? ഇത്തരം പ്രത്യേക സന്ദര്‍ഭങ്ങളിലാണ് പത്ത് വയസ്സുള്ള എന്നെ വനവാസത്തിനായി അമ്മ വീടായ കൊടുങ്ങല്ലൂരിലേയ്ക്ക് പായ്ക്ക് ചെയ്യുന്നത്. മൂന്ന് വയസുകാരന്‍റെ കരച്ചില്‍ വക വെയ്ക്കാതെ പത്ത് വയസ്സുകാരിയെയും കൊണ്ട് അച്ഛന്‍ ബസ് സ്റ്റാന്‍ഡ് ലക്ഷ്യമാക്കി നടന്നു. യുദ്ധം ജയിച്ച വിജയിയെ പോലെ തല ഉയര്‍ത്തി ബാഗും പിടിച്ച് ഞാന്‍ പുറകെയും.

ഇനി ഒന്ന് രണ്ടാഴ്ച വേനലവധി ആഘോഷമാണ്. വലിയമ്മമാരുടെയും അമ്മാവന്‍മാരുടെയും മക്കളില്‍ ചിലര്‍ അവിടെ കാണും. അവരുമായി കൂട്ടുകൂടാനും വഴക്കിടാനും ഒക്കെ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ പാഴാക്കി കളയുന്നത് എന്തിന്?

കൂട്ടുകുടുംബം ആയിരുന്നു അമ്മവീട്. അപ്പൂപ്പന് രണ്ട് അനിയന്മാര്‍. അവരും അവരുടെ ഭാര്യമാരും ആ വീട്ടില്‍ തന്നെയാണ് താമസം. അപ്പൂപ്പന് പതിമൂന്ന് മക്കളെ ദൈവം വാരിക്കോരി കൊടുത്തപ്പോള്‍ എന്ത് കൊണ്ടോ അനിയന്മാര്‍ക്ക് സ്വന്തമായി ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യം ദൈവം കൊടുത്തിട്ടുണ്ടായിരുന്നില്ല.

ഏറ്റവും ഇളയ ചിറ്റപ്പനെനെയിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. അമ്മയുടെ ‘ചിറ്റപ്പ’ വിളി കേട്ട് ഞാനും അപ്പൂപ്പന്‍റെ അനിയനെ ചിറ്റപ്പ എന്ന് വിളിച്ചുപോന്നു. ചിറ്റപ്പന് സിനിമ തിയറ്ററില്‍ ടിക്കറ്റ് കൊടുക്കുന്ന ജോലി ആയിരുന്നു. അതിനാല്‍ ഞാന്‍ ചിറ്റപ്പനെ ചുറ്റിപ്പറ്റി നടക്കും. ഇടയ്ക്ക് വെറുതെ ചിരിച്ചു കാണിച്ച് കുട്ടികളില്‍ കൂടുതല്‍ സ്‌നേഹം എനിക്കാണെന്ന് ഞാന്‍ തന്നെ പ്രഖ്യാപിക്കും. ചിറ്റപ്പന്‍ കൊണ്ട് വരുന്ന കപ്പലണ്ടി പൊതികള്‍ ഞങ്ങളുടെ വീക്ക്‌നെസ് ആയിരുന്നു. ഇടയ്ക്ക് ചിറ്റപ്പന്‍ എന്നെ സൈക്കിള്‍ സവാരിയ്ക്ക്  കൊണ്ട് പോകും. ചിറ്റപ്പന്‍റെ കൂടെ സൈക്കിളിന് മുന്നില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ തല ഉയര്‍ത്തി അഹങ്കാരത്തോടെ ഞാന്‍ അങ്ങനെ ഇരിക്കും.

ചില നേരങ്ങളില്‍ ചിറ്റപ്പന്‍ ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞ് തരും. ഒരു ദിവസം കൊടുങ്ങല്ലൂരിലെ ഒരു തിയേറ്ററില്‍ നിന്ന് എട്ട് വയസ്സ് തോന്നിക്കുന്ന, കാണാന്‍ സുന്ദരിയായ, തിളങ്ങുന്ന മൂക്കുത്തിയും പട്ടുപാവാടയും അണിഞ്ഞ ഒരു സുന്ദരി പെണ്‍കുട്ടി സൈക്കിള്‍ റിക്ഷയില്‍ കയറിയത്രേ. എവിടെ പോകണം എന്ന് റിക്ഷക്കാരന്‍ ചോദിച്ചപ്പോള്‍ അമ്പലത്തിന് മുന്‍പില്‍ നിര്‍ത്തിയാല്‍ മതി എന്ന് പറഞ്ഞു പോലും. അമ്പലത്തിന് മുന്‍പില്‍ സൈക്കിള്‍ റിക്ഷ നിര്‍ത്തിയ അയാള്‍ നോക്കിയപ്പോള്‍ പെണ്‍കുട്ടി ഓടി ശ്രീകോവിലിന് ഉള്ളില്‍ കയറി പോയി പോലും. അന്ന് മുതല്‍ ആണത്രേ ആ തീയേറ്ററിന് ‘ശ്രീകാളീശ്വരി’ എന്ന പേരു വന്നത്. ഈ കഥകള്‍ ഒക്കെ ശരിയോ തെറ്റോ എന്നൊന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് അറിയേണ്ട കാര്യം ഇല്ലായിരുന്നു. കഥകള്‍ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ വായും പൊളിച്ചു അത്ഭുതത്തോടെ ഇരിക്കും.

ഒരു ദിവസം എന്‍റെ ശല്യം സഹിക്കാതെ ചിറ്റപ്പന്‍ എന്നെ സിനിമ കാണിക്കാന്‍ കൊണ്ട് പോയി. ചിറ്റപ്പന് തിയേറ്ററില്‍ കയറാന്‍ ടിക്കറ്റ് എടുക്കേണ്ട എന്നത് എന്നില്‍ അത്ഭുതം ഉളവാക്കി. തിയേറ്ററിന്‍റെ ഡോര്‍ തുറന്ന് അകത്തെ ഇരുട്ടിലേക്ക് കയറിയ ഞാന്‍ കാണുന്നത് ‘ശ്രീകൃഷ്ണ പരുന്ത്’ എന്ന പേരാണ്. 

ഉച്ച സമയം ആയതിനാല്‍ തീയേറ്ററില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണ പരുന്തിലെ പരുന്തിനെയും യക്ഷിയെയും മോഹന്‍ലാലിനെയും (അത് മോഹന്‍ലാല്‍ ആണെന്ന് അന്ന് അറിയില്ലായിരുന്നു) ഒക്കെ കണ്ട് അത്ഭുതം കൂറി ഞാന്‍ അങ്ങനെ ഇരിക്കുവാണ്.

പെട്ടെന്ന് രംഗങ്ങള്‍ മാറി. മോഹന്‍ലാലും യക്ഷിയും കെട്ടിപ്പിടിക്കുന്നു. ഉരുളുന്നു. മറിയുന്നു.. ‘വാ നമുക്ക് പോകാം’, ചിറ്റപ്പന്‍ പറഞ്ഞു. 

സിനിമ തീര്‍ന്നില്ലല്ലോ, ഓരോന്ന് കണ്ട് രസം പിടിച്ചു വരുവായിരുന്നു. 

‘തീര്‍ന്നില്ല ചിറ്റപ്പാ’, ഞാന്‍ സങ്കടത്തോടെ പറഞ്ഞു.

‘നമുക്ക് വേറെ ഒരു ദിവസം വരാം. വേറെ സിനിമ കാണാം..’ ചിറ്റപ്പന്‍ പറഞ്ഞു. ഇനിയുള്ള ഭാഗങ്ങള്‍ കുട്ടികള്‍ കാണാന്‍ പാടില്ലാന്ന്. എനിക്ക് കരച്ചില്‍ വന്നു. ചിറ്റപ്പന്‍റെ കൈ പിടിച്ച് പുറത്തിറങ്ങിയ ഞാന്‍ ചിറ്റപ്പനെ നോക്കി കൊഞ്ഞനം കുത്തി. മുഖം വീര്‍പ്പിച്ചു. സിനിമ മുഴുമിപ്പിക്കാത്തതിലുള്ള  ദേഷ്യവും സങ്കടവും തീര്‍ക്കുകയായിരുന്നു  ഞാന്‍. 

ദേഷ്യം മാറ്റാന്‍ ചിറ്റപ്പന്‍ എന്‍റെ നേരെ കപ്പലണ്ടി പൊതികള്‍ നീട്ടി. പാവം കപ്പലണ്ടി എന്ത് പിഴച്ചു. അതു കൊണ്ട് ഞാന്‍ അത് രണ്ടും കൈയും നീട്ടി സ്വീകരിച്ചു.

വര്‍ഷങ്ങള്‍ ഓടി മറഞ്ഞു. ഞാന്‍ വലുതായതോടെ അവധിക്കാലങ്ങളും അവസാനിച്ചു. വല്ലപ്പോഴും മനസ്സില്‍ വിരുന്നു വരുന്ന അതിഥികളായി അമ്മവീടും അവിടത്തെ ഓര്‍മകളും. കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഓര്‍മകളും ഒഴുകി മറഞ്ഞു. 

കല്യാണം കഴിഞ്ഞു. മോന്‍ ആയതിന് ശേഷം ഒരു ദിവസം വീട്ടില്‍ ചെന്നപ്പോളാണ് അമ്മ പറഞ്ഞത്, ‘ചിറ്റപ്പന് സുഖമില്ല, ക്യാന്‍സര്‍’ എന്ന്. ജീവിതമാകുന്ന ഓട്ടത്തിനിടയില്‍ പഴയ ഓര്‍മ്മകള്‍ തൊട്ടെടുക്കാന്‍ എന്തുകൊണ്ടോ എനിക്കായില്ല. സ്വന്തമായി ഒരു ലോകമുണ്ടാക്കി ഞാനതില്‍ തന്നെ താമസിക്കുകയായിരുന്നു. 

കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അറിഞ്ഞു, ചിറ്റപ്പന്‍ മരിച്ചു എന്ന്. ഒന്ന് കാണാന്‍ പോലും ഞാന്‍ പോയില്ല. ഇന്നാലോചിക്കുമ്പോള്‍ അതെന്നെ അത്ഭുതപ്പെടുത്തുന്നു. മാധവിക്കുട്ടി എഴുതിയത് പോലെ, ‘ജീവിതം ഒരു പ്രച്ഛന്നമല്‍സരം’ തന്നെ എന്ന തീര്‍പ്പില്‍ ഞാനുമെത്തുന്നു. അതിവിചിത്രമായ ഒരു പ്രച്ഛന്നവേഷ മല്‍സരം! മറ്റ് പലരെയും പോലെ, അതിലെ ഒരു മല്‍സരാര്‍ത്ഥി തന്നെ ഞാനും!

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

 

By admin