ദുബൈ: അത്ഭുതകരമായ വാസ്തുവിദ്യകൾ കൊണ്ടുള്ള നിർമിതികളാൽ എപ്പോഴും വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബൈ. ഇപ്പോഴിതാ ഭാവനയുടെ അതിർവരമ്പുകൾ ഭേദിച്ചുകൊണ്ട് ദുബൈയിൽ വമ്പൻ അത്യാധുനിക റിസോർട്ട് വരുന്നു. ലൂണാർ ലക്സ് എന്നാണ് ഈ റിസോർട്ട് പദ്ധതിയുടെ പേര്. ചന്ദ്രന്റെ ആകൃതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ റിസോർട്ടിന്റെ നിർമാണത്തിനായി 500 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.
അത്യാധുനിക സാങ്കേതിക വിദ്യയും ആകാശ സൗന്ദര്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി ദുബൈയുടെ ആഡംബര ടൂറിസം പുനർ നിർവചിക്കുന്ന തരത്തിലുള്ളതായിരിക്കും. ബുർജ് ഖലീഫയും പാം ജുമൈറയും പോലുള്ള പ്രധാനപ്പെട്ട ലാൻഡ് മാർക്കുകളുടെ പേരിലെന്ന പോലെ ദുബൈ ഇനി ലൂണാർ ലക്സിന്റെ പേരിലും ലോകമെമ്പാടും അറിയപ്പെടും. ദുബൈ മറീനയ്ക്കും ദുബൈ സൈറ്റ് എക്സ്പോ സിറ്റിക്കും സമീപമായാണ് ലൂണാർ ലക്സ് റിസോർട്ടും സ്ഥാപിക്കുക. ഗോളാകൃതിയിൽ, ചന്ദ്രന്റെ ഗർത്തങ്ങൾ നിറഞ്ഞപോലുള്ള ഉപരിതലത്തിന് സമാനമായ രീതിയിലായിരിക്കും ഈ റിസോർട്ടിന്റെയും നിർമാണം. അന്താരാഷ്ട്ര ആർക്കിടെക്ടുകളുടെയും എയറോസ്പേസ് എഞ്ചിനീയർമാരുടെയും ഒരു സംഘമാണ് റിസോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. റിസോർട്ടിലെ `സ്പേസ് പോർട്ട്’ വഴിയായിരിക്കും അതിഥികൾ റിസോർട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഗുരുത്വാകർഷണം പൂജ്യമായിരിക്കും. ആകാശ ഗോളങ്ങളുടെ പേരിലുള്ള നാലായിരത്തോളം വരുന്ന മുറികളുണ്ടാകും. ഇതിന് ഓരോ മുറിക്കും സ്വകാര്യ ടെറസുകളും ഉണ്ടായിരിക്കും.
read more: അന്യഗ്രഹ പ്രാണിയല്ല, ബഹ്റൈൻ താമസക്കാരെ പരിഭ്രാന്തിയിലാക്കിയത് `ഒട്ടക ചിലന്തി’
ദുബൈയുടെ നാഗരാസൂത്രണ പദ്ധതി -2040മായി യോജിക്കുന്നതാണ് ലൂണാർ ലക്സ് പദ്ധതി. ഇത് 2031ഓട് കൂടി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാർബൺ – ഫൈബർ ഘടകങ്ങളും സോളാർ ഗ്ലാസും റിസോർട്ടിന്റെ നിർമാണത്തിന് ഉപയോഗിക്കും. റിസോർട്ടിൽ എത്തുന്നവർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ, വിർച്ച്വൽ റിയാലിറ്റി ഉപയോഗിച്ചുള്ള ചാന്ദ്ര നടത്തങ്ങൾ തുടങ്ങിയവയും ഉണ്ടാകുമെന്നാണ് വിവരങ്ങൾ. പ്രതിവർഷം 20 ലക്ഷത്തിലധികം സന്ദർശകരെയാണ് റിസോർട്ട് പദ്ധതി പൂർത്തിയാകുന്നതോടെ പ്രതീക്ഷിക്കുന്നത്.