11 വർഷക്കാലം എൻഡിഎ സർക്കാർ പ്രവർത്തിച്ചത് അംബേദ്കറുടെ മൂല്യങ്ങൾ മുൻനിർത്തി; പ്രധാനമന്ത്രി

ദില്ലി: രാജ്യം അംബേദ്കർ ജയന്തി ആഘോഷിച്ചു. ഡോ ബി ആർ അംബേദ്കറിന്റെ 135 ആമത് ജന്മദിനാഘോഷ ചടങ്ങുകൾ പാർലമെന്റ് വളപ്പിൽ നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗദീപ് ധന്ഗർ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.

അംബേദ്കർ ജയന്തിയുടെ ഭാഗമായി ഹരിയാനയിൽ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 11 വർഷക്കാലം എൻഡിഎ സർക്കാർ പ്രവർത്തിച്ചത് അംബേദ്കറുടെ മൂല്യങ്ങൾ മുൻനിർത്തിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അംബേദ്കറിന്റെ സംഭാവനകൾ ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് ശക്തി പകരുമെന്ന് രാഹുൽഗാന്ധി എക്സിൽ കുറിച്ചു.

രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച പോസ്റ്റ്: 

മുഖ്യമന്ത്രി പിണറായി വിജയനും അംബേദ്കർ ജയന്തി ആശംസിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം:

‘വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്. ജാതിവ്യവസ്ഥ തീർത്ത അനാചാരങ്ങൾക്കും ഉച്ചനീച്ചത്വങ്ങൾക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവർക്കും പ്രചോദനമേകുന്നതാണ്. സാമൂഹിക നീതിയിലും തുല്യ പരിരക്ഷയിലുമൂന്നുന്ന നമ്മുടെ ഭരണഘടനക്ക് രൂപം കൊടുക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.

ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. എതിർസ്വരങ്ങളെ അടിച്ചമർത്തിയും ഫെഡറലിസത്തെ കാറ്റിൽപ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വർഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികൾ ഒറ്റക്കെട്ടായി പ്രതിരോധമുയർത്തേണ്ടതുണ്ട്. ഈ അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ.’

By admin