സിസിടിവികളിൽ യുവാക്കൾ കൊല്ലം ഭാഗത്തേക്ക് ബൈക്കുമായി പോകുന്നത് കണ്ടെത്തി, പിന്നാലെ ബൈക്ക് മോഷണം പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊല്ലം മൈലക്കാട് സ്വദേശികളായ  സുധീഷ് (24),​ അഖിൽ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്‌ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന കഠിനംകുളം സ്വദേശി ഷാരൂഖ് ഖാന്‍റെ  ബൈക്ക് മോഷണം പോയത്. പിന്നാലെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. സി സി ടി വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലം ഭാഗത്തേയ്ക്കാണ് ബൈക്ക് കൊണ്ടുപോയതെന്ന് കണ്ടെത്തി. തുടർന്ന് കൊല്ലത്തുള്ള ബൈക്ക് മോഷ്ടാക്കളെ നിരീക്ഷിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നമ്പർ മാറ്റി ബൈക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇവർ വാഹന മോഷണം,​ ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

KL-13-AK 275 സ്കൂട്ടറിൽ 2 യുവാക്കൾ; പെരുമാറ്റത്തിൽ സംശയം തോന്നി, സീറ്റ് തുറന്ന് പരിശോധിച്ചപ്പോൾ ഉള്ളിൽ കഞ്ചാവ്

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത വയനാട്ടിൽ വില്‍പ്പനക്കായി കടത്തുകയായിരുന്നു കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു എന്നതാണ്. കണ്ണൂര്‍ എളയാവൂര്‍ സൈനബ മന്‍സിലില്‍ മുഹമ്മദ് അനസ് (26), കണ്ണൂര്‍ ചക്കരക്കല്‍ വില്ലേജില്‍ കൊച്ചുമുക്ക് ദേശത്ത് പുതിയപുരയില്‍ വീട്ടില്‍ പി പി മുഹമ്മദ് നൗഷാദ് എന്നിവരാണ് ബാവലി എക്‌സൈസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെ പിടിയിലായത്. അരക്കിലോ കഞ്ചാവാണ് ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച KL-13-AK275 എന്ന നമ്പറിലുള്ള സ്‌കൂട്ടറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ അതിര്‍ത്തിയിലെത്തിയ യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി വാഹനമടക്കം എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും ഇരുവരുടേയും കൈവശം ഒളിപ്പിച്ച നിലയിലുമായി അര കിലോ കഞ്ചാവാണ് കണ്ടെത്തിയത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ സലിം, ഇ അനൂപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം സി സനൂപ്, കെ എസ് സനൂപ്, വിപിന്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്. പ്രതികള്‍ക്കെതിരെ എന്‍ ഡി പി എസ്  നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പ്രതിയെയും കസ്റ്റഡിയിലെടുത്ത കഞ്ചാവും സ്‌കൂട്ടറുമടക്കമുള്ളവ തുടര്‍നടപടിക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഏല്‍പ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin