വെറും മണ്‍തറയിൽ പ്ലാസ്റ്റിക് മേല്‍ക്കൂര; ചന്ദ്രികയും കുട്ടികളും ഒറ്റക്ക്, മാനുവിൻ്റെ കുടുംബത്തിന് നീതിയില്ലേ?
കൽപ്പറ്റ: വയനാട്ടില്‍ ആദിവാസി യുവാവ് മാനു കാട്ടാന ആക്രമണത്തില്‍ മരിച്ച് രണ്ട് മാസമായിട്ടും കുടുംബത്തിന് സർക്കാർ സഹായധനം കൈമാറിയില്ല. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന ഭാര്യക്കും കുട്ടികള്‍ക്കും മതിയായ രേഖകളില്ലെന്ന കാരണം ഉന്നയിച്ചാണ് സഹായം കൈമാറാത്തത്. ഒറ്റ പ്ലാസിക്ക് കൂരക്ക് കീഴില്‍ ജീവിതം തള്ളി നീക്കുന്ന കുടുംബം, മാനു മരിച്ചതോടെ തികച്ചും നിസ്സഹായരാണ്.
ഒറ്റ പ്ലാസിക്ക് മേല്‍ക്കൂരയില്‍ വെറും മണ്‍തറയില്‍ കഴിയുകയാണ് ആദിവാസി കുടുംബം. മാനു കാട്ടാന ആക്രമണത്തില്‍ മരിച്ചതോടെ ഇവിടെ ഭാര്യ ചന്ദ്രികയും പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളും മാത്രമായി. ഒരു മഴയെ പോലും പ്രതിരോധിക്കാനാകാത്ത ഈ കൂരക്ക് കീഴില്‍ ഒരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഇവർ കഴിയുന്നത്.
മാനു മരിച്ചപ്പോള്‍ പത്ത് ലക്ഷമാണ് സഹായധനമായി കിട്ടേണ്ടിയിരുന്നത്. എന്നാല്‍ സർക്കാർ കൊടുത്തത് വെറും പതിനായിരം രൂപ മാത്രം. ബാക്കി പണം നല്‍കാൻ ഇവർക്ക് രേഖകളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സഹായധനത്തിന്‍റെ പത്ത് ശതമാനം ചന്ദ്രികക്കും മുപ്പത് ശതമാനം വീതം 3കുട്ടികള്‍ക്കുമെന്നതായിരുന്നു തീരുമാനം. എന്നാല്‍ കുട്ടികള്‍ക്ക് ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആധാർകാർഡില്ല. രേഖകള്‍ ഇല്ലെന്ന സാങ്കേതികത്വം ഉത്തരവാദപ്പെട്ടവർ ഉന്നയിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു.
മറ്റാരും ആശ്രയമില്ലാത്ത അയല്‍ സംസ്ഥാനത്ത് കഴിയുന്ന ആദിവാസികളായ ഈ കുടുംബത്തിന് രേഖകള്‍ ശരിയാക്കാനോ മറ്റ് നടപടികള്‍ക്കോ ആരുമില്ല. പണം കിട്ടിയിരുന്നെങ്കില്‍ ഒരു വീടെങ്കിലും വക്കാമായിരുന്നുവെന്ന പ്രതീക്ഷയാണ് ചന്ദ്രികയുടേത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് ആണ് നൂല്‍പ്പുഴ കാപ്പാട് വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മാനുവെന്ന ആദിവാസി യുവാവ് മരിച്ചത്. തുടർച്ചയായ വന്യജീവി ആക്രമങ്ങള്‍ നേരിടുന്ന സ്ഥലത്ത് മാനുവിന്‍റെ മരണത്തിന് പിന്നാലെ പ്രതിഷേധം ഉയർന്നിരുന്നു. സഹായധനം ഉടൻ കൈമാറാമെന്ന ഉറപ്പിലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്.