വിഷു തലേന്ന്, ഞായറാഴ്ച; മമ്മൂക്കയോ, പിള്ളേരോ? ആരാണ് ബോക്സോഫീസ് വാണത്, കണക്കുകള്‍ ഇങ്ങനെ!

കൊച്ചി: വിഷു ആഘോഷത്തിലാണ് കേരളത്തിലെ ബോക്സോഫീസ് എമ്പുരാന്‍ തീര്‍ത്ത ഓളം അടങ്ങും മുന്‍പാണ് ഏപ്രില്‍ 10ന് വിഷു ചിത്രങ്ങള്‍ തീയറ്ററില്‍ എത്തിയത്.ബോക്സോഫീസില്‍ കാര്യമായ ചലനം ഈ ചിത്രങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് വിവരം. മമ്മൂട്ടി ചിത്രം ബസൂക്ക, നസ്ലിന്‍ ചിത്രം ആലപ്പുഴ ജിംഖാന, ബേസിലിന്‍റെ ചിത്രം മരണമാസ് എന്നീ ചിത്രങ്ങളാണ് തീയറ്ററില്‍ ഓടുന്നത്. 

വിഷു റിലീസുകളില്‍ ആലപ്പുഴ ജിംഖാനയും ബസൂക്കയും തമ്മിലാണ് ബോക്സ് ഓഫീസ് പോരാട്ടം എന്നത് കളക്ഷനിൽ നിന്നും വ്യക്തമാണ്. ഏപ്രില്‍ 13 ഞായറാഴ്ചത്തെ ആഭ്യന്തര കളക്ഷന്‍റെ ആദ്യ കണക്കുകള്‍ ട്രാക്കിംഗ് സൈറ്റായ സാക്നില്‍.കോം പുറത്തുവിട്ടിട്ടുണ്ട്. സിനിമയെ സംബന്ധിച്ച് ഞായറാഴ്ച മികച്ച കളക്ഷന്‍ വരാനുള്ള ദിവസമാണ്. ഇത്തരത്തില്‍ ഞായറാഴ്ചത്തെ ആഭ്യന്തര കളക്ഷന്‍ ഇങ്ങനെയാണ്. 

ബസൂക്ക അതിന്‍റെ ആദ്യ ഞായറാഴ്ച ഇന്ത്യ നെറ്റ് കളക്ഷന്‍ നേടിയിരിക്കുന്നത് 1.85 കോടിരൂപയാണ് എന്നാണ് സാക്നില്‍.കോമിന്‍റെ കണക്ക്. അതേ സമയം ഏപ്രില്‍ 10ന് തന്നെ പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാന നാലാം ദിവസത്തില്‍ ബോക്സോഫീസില്‍ നേടിയ നെറ്റ് കളക്ഷന്‍ 3.8 കോടിയാണ്.ഇതേ കളക്ഷന്‍ തന്നെയാണ് ചിത്രത്തിന്‍റെ മൂന്നാം ദിനമായ ശനിയാഴ്ചയും ചിത്രം നേടിയത്. 

അതേ സമയം ബേസില്‍ നായകനായി ടോവിനോ തോമസ് നിർമ്മിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്‍ത മരണമാസിന്‍റെ കളക്ഷൻ ദിനംപ്രതി കൂടിവരികയാണ്. ഓപ്പണിംഗില്‍ 1.1 കോടിയായിരുന്നു നെറ്റ് കളക്ഷനായി മരണമാസ് നേടിയത്. ചിത്രം രണ്ടാം ദിവസമാകുമ്പോള്‍ 1.4 കോടി രൂപയിലധികം നേടിയപ്പോള്‍ മൂന്നാം ദിവസമായ ശനിയാഴ്‍ച 1.81 കോടിയും നേടി, എന്നാല്‍ നാലാം ദിനത്തില്‍ ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ 1.93 കോടിയായി എന്നാണ് സാക്നില്‍.കോം കണക്ക് പറയുന്നത്. 

വിഷു ദിനത്തിലും തുടര്‍ന്ന് വരുന്ന ഈസ്റ്റര്‍ വാരാന്ത്യത്തിലും ഉള്ള ചിത്രത്തിന്‍റെ കളക്ഷനും നിര്‍ണ്ണായകമാണ്. എന്തായാലും മൂന്ന് ചിത്രങ്ങളും മികച്ച അഭിപ്രായം ഉണ്ടാക്കുന്നുണ്ട് ബോക്സോഫീസില്‍.

കളക്ഷനില്‍ കുതിച്ചുചാട്ടവുമായി മരണമാസ്, ബേസില്‍ ചിത്രം നേടിയത്

ഇനി വേണ്ടത് വെറും ആറ് കോടി, കളക്ഷനില്‍ മറ്റൊരു വമ്പൻ നേട്ടത്തിലേക്ക് മോഹൻലാലിന്റെ എമ്പുരാൻ

By admin