റായ്പൂർ: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്. ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീക്കെതിരെ കേസെടുത്തത്. കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുങ്കുരി ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രിന്‍സിപ്പാളാണ് സിസ്റ്റര്‍ ബിന്‍സി. കോളേജിലെ വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് പ്രിന്‍സിപ്പാൾ സിസ്റ്റര്‍ ബിന്‍സിക്കെതിരെ ഉയർന്നിരിക്കുന്നത്. ആരോപണം അടിസ്ഥാനരഹിതമെന്ന് ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രതികരിച്ചു.
വിശദവിവരങ്ങൾ ഇങ്ങനെ
ഛത്തീസ്ഗഡ് കുങ്കുരിയിലെ ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രിന്‍സിപ്പലാണ് സിസ്റ്റര്‍ ബിന്‍സി ജോസഫ്. കോളേജിലെ തന്നെ അവസാന വർഷ വിദ്യാർത്ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 299, 351 വകുപ്പുകൾ ചുമത്തി ജാമ്യം ഇല്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. തന്നെ ക്രിസ്തുമതത്തിലേക്ക് മാറാൻ പ്രിൻസിപ്പൽ സമ്മർദ്ദം ചെലുത്തി എന്നാണ് വിദ്യാർത്ഥിനിയുടെ ആരോപണം. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്ന് ഹോളിക്രോസ് നഴ്സിംഗ് കോളേജ് പ്രതികരിച്ചു. കോളേജിലെ അവസാന വർഷ വിദ്യാർത്ഥി കൂടിയായ പരാതിക്കാരി കോഴ്സിന്‍റെ ഭാഗമായുള്ള ഹോസ്പിറ്റൽ ജോലികളിൽ നിന്ന് അടുത്തിടെയായി വിട്ടുനിൽക്കുകയാണ്. അവസാന വർഷ പരീക്ഷയുടെ ഭാഗമായുള്ള തിയറി ക്ലാസുകൾക്കും പെൺകുട്ടി എത്തിയിരുന്നില്ല. ഹാജർ നില കുറഞ്ഞതിനാൽ മാതാപിതാക്കളുമായി കോളേജിൽ എത്താൻ വിദ്യാർത്ഥിയോട് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. പക്ഷേ ആരും എത്തിയില്ല. ഹാജർ നില കുറവായിരുന്നിട്ടും പരാതിക്കാരിക്ക് തിയറി പരീക്ഷ എഴുതാൻ കോളേജ് അധികൃതർ അനുവാദം നൽകി. എന്നാൽ പ്രാക്ടിക്കലും ആശുപത്രി വാർഡ് ഡ്യൂട്ടികളും പൂർത്തിയാക്കിയാൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അധികൃതർ കുട്ടിയോട് വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് പെൺകുട്ടി ജില്ലാ കളക്ടർക്കും പൊലീസ് സൂപ്രണ്ടിനും തന്നെ മതം മാറ്റാൻ പ്രിൻസിപ്പൽ സമ്മർദ്ദം ചെലുത്തുന്നു എന്ന് കാട്ടി ഈ മാസം രണ്ടിന് പരാതി നൽകിയത്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനും അക്കാദമിക് പോരായ്മകൾ മറയ്ക്കാനും കെട്ടിച്ചമച്ചതാണ് കേസെന്ന് ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രതികരിച്ചു.