വയനാടും കോഴിക്കോടും പെരുമ്പാവൂരും കൊല്ലത്തും വാഹനാപകടം; 4 പേർക്ക് ദാരുണാന്ത്യം, 2 പേർ പരിക്കുകളോടെ ആശുപത്രിയിൽ

വയനാട്: സംസ്ഥാനത്തെ 4 ജില്ലകളിലായി നടന്ന വാഹനാപകടങ്ങളിൽ 4 യുവാക്കൾക്ക് ദാരുണാന്ത്യം. കോഴിക്കോടും കൊല്ലത്തും പെരുമ്പാവൂരും വയനാടുമാണ് അപകടങ്ങളുണ്ടായത്.  വയനാട് സുൽത്താൻബത്തേരിയിൽ ബൈക്ക് ലോറിക്ക് പിന്നിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പത്തരയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.  

കോഴിക്കോട് ഓമശ്ശേരിയിൽ മുടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ക്രഷർ ജീവനക്കാരനായ ബിഹാർ സ്വദേശി ബീട്ടുവാണ് മരിച്ചത്. 

പെരുമ്പാവൂർ കുറുപ്പംപടിയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രായമംഗലം പുത്തൻപുരയിൽ ജീവൻ മാർട്ടിൻ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടമുണ്ടായത്.

കുറുപ്പംപടി  പീച്ചനാംമുകൾ റോഡിലെ വളവിൽ വെച്ച് എതിരെ നിന്ന് വന്ന കാറുമായി യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീണു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ മാര്‍ട്ടിനെ രക്ഷിക്കാനായില്ല.

കൊല്ലം ചിതറയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കടയ്ക്കൽ മണൽവട്ടം സ്വദേശി അജ്മൽ ആണ് മരിച്ചത്. രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് കാറിലിടിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിൻ്റെ മുൻവശത്തെ വീൽ ഒടിഞ്ഞു മാറി. 

By admin