പാലക്കാട്: ആദിവാസി ഉന്നതികളിലെ അനർട്ട് അഴിമതി രേഖകൾ ചോർത്തിയവർക്കെതിരെ ഭീഷണി സന്ദേശവുമായി അനർട്ട് സിഇഒ. അഴിമതി വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അനർട്ട് ചുമതലക്കാരുടെ വാട്സ്അപ്പ് ഗ്രൂപ്പിലാണ് ആരോപണ വിധേയനായ അനർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി സന്ദേശമയച്ചത്. സിഇഒയുടെ ഔദ്യോഗിക നമ്പറിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. രേഖ പുറത്തുവിട്ട ആളുകൾക്ക് ഭീഷണി നൽകുന്നതാണ് സന്ദേശം. വിവരം ചോർത്തിയവർക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്നും സന്ദേശം ആവശ്യപ്പെടുന്നത്.
അട്ടപ്പാടിയിൽ അനർട്ട് നടപ്പാക്കിയ 6.35കോടി രൂപയുടെ സൗരോർജ പദ്ധതിയിൽ അഴിമതിയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് പണിക്കൂലിയെന്ന പേരിൽ ചെലവഴിച്ചതായി പറയുന്ന 90 ലക്ഷംരൂപയിൽ അഞ്ചുലക്ഷംപോലും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ലെന്നതടക്കമുള്ള ആരോപണമാണ് ഡിസിസി വൈസ് പ്രസിഡൻറ് സുമേഷ് അച്യുതൻ നടത്തിയത്.
അട്ടപ്പാടിയിലെ താഴെ തുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം എന്നീ പ്രാക്തന ഗോത്രവർഗ ഉന്നതികളിലെ 80 വീടുകളിൽ നടപ്പാക്കിയ പദ്ധതിയുടെ കരാറിലും അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഉന്നതതല അന്വേഷണം നടത്തുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം