രാത്രി പതിവില്ലാത്ത വിധം തുടർച്ചയായുള്ള അലർച്ച, രാവിലെ സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് കാട്ടാനകളുടെ ജഡം

മലപ്പുറം: വൈറസ് ബാധയേറ്റ് രണ്ടിടങ്ങളിലായി രണ്ട് കാട്ടാനകൾ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് റേഞ്ച് വനത്തിൽ രണ്ടിടങ്ങളിലായാണ് രണ്ട് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരുത കൊക്കോ എസ്റ്റേറ്റിന് സമീപവും കാരക്കോട് പുത്തരിപ്പാടം മാടമ്പിച്ചോലക്ക് സമീപവും വനത്തിലാണ് ആനകൾ ചെരിഞ്ഞ നിലയിൽ കണ്ടത്. കൊക്കോ എസ്റ്റേറ്റിന് സമീപം 20 വയസുള്ള പിടിയാനയാണ് ചെരിഞ്ഞത്. നാലു ദിവസം പഴക്കമുണ്ട്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് 200 മീറ്റർ അകലെ മാടമ്പിച്ചോലക്ക് സമീപം 10 വയസ്സുള്ള കുട്ടികൊമ്പനാണ് ചെരിഞ്ഞത്.കഴിഞ്ഞ ദിവസം രാത്രി ഇവിടെനിന്ന് തുടർച്ചയായുള്ള ആനയുടെ അലർച്ച കേട്ടത്തിനെ തുടർന്ന് ഇന്നലെ രാവിലെ വനപാലകർ സ്ഥലം പരിശോധനക്കിടെയാണ് ജഡം കണ്ടത്. 

രണ്ട് ആനകളുടെയും മരണ കാരണം വൈറസ് രോഗം ബാധിച്ചതാണെന്നാണ് പ്രാഥമിക പോസ്റ്റേ്മാർട്ടത്തിൽ പറയുന്നത്. കൊക്കോ എസ്റ്റേറ്റിന് സമീപമുള്ള പെണ്ണാനയുടെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകളുണ്ട്. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഷെരീഫ് പനോലൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ ആർ രാജേഷ്, ലാൽ വി നാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി എം അയ്യൂബ്, ജെ ജിസ്‌ന, ജയരാജൻ, സി അഭിലാഷ്, ബിജേഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. വനം വെറ്ററിനറി സർജൻമാൻമാരായ ഡോ. എസ് ശ്യാം, ഡോ. മുഹമ്മദലി, ഡോ. റിനു എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മാർട്ടം നടപടി പൂർത്തീകരിച്ച് ജഡങ്ങൾ രണ്ടും വനത്തിൽ തന്നെ സംസ്‌കരിച്ചു.

വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് യുവാവിന് ദാരുണാന്ത്യം, അമ്മയ്ക്ക് പരിക്ക്, മുണ്ടൂരിൽ നാളെ ഹർത്തൽ

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു എന്നതാണ്. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ അലന്‍റെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുണ്ടൂരിൽ സി പി എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin