ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുകയാണ് അഞ്ച് തവണ കിരീടം ചൂടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സീസണ്‍ പാതിയോട് അടുക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് എം എസ് ധോണി നയിക്കുന്ന ടീം. വളരെ വേദനാജനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ടീമിന്റെ മുഖ്യപരീശിലകനായ സ്റ്റീഫൻ ഫ്ലെമിങ്.
റുതുരാജ് ഗെയ്ക്വാദ് പരുക്കേറ്റ് പുറത്തായതോടെയായിരുന്നു ധോണിയിലേക്ക് ഒരിക്കല്‍ക്കൂടി നായകസ്ഥാനം എത്തിയത്. എന്നാല്‍, ധോണി എന്ന നായകനില്‍ നിന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഫ്ലെമിങ് പറയുന്നത്.
ധോണിയുടെ സ്വാധീനം തീര്‍ച്ചയായും ടീമിലുണ്ട്, പക്ഷേ ഭാവിയെ മാറ്റമറിക്കാൻ കഴിയുന്ന മന്ത്രവടിയൊന്നും ധോണിയുടെ പക്കലില്ലെന്നും ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിന് മുന്നോടിയായി ധോണി പറഞ്ഞു. അങ്ങനെ എന്തെങ്കിലും കഴിവുണ്ടായിരുന്നെങ്കില്‍ ധോണിയത് നേരത്തെ ചെയ്തേനെയെന്നും ഫ്ലെമിങ് കൂട്ടിച്ചേര്‍ത്തു.
ധോണിക്കൊപ്പം ചേര്‍ന്നുനിന്ന് ടീമൊന്നായി പ്രവര്‍ത്തിക്കണമെന്ന ആശയവും ഫ്ലെമിങ് മുന്നോട്ടുവെച്ചിട്ടുണ്ട്. വളരെയധികം ഊര്‍ജം ആവശ്യമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കൃത്യമായി ആ ഊര്‍ജമുണ്ടാകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഫ്ലെമിങ് പറഞ്ഞു. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നൈ പരിശീലകൻ.
കൊല്‍ക്കത്തയോടേറ്റ നാണംകെട്ട തോല്‍വി ചെന്നൈക്ക് സീസണില്‍ ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. സ്വന്തം മൈതാനത്ത് ആകെ സ്കോര്‍ ചെയ്യാനായത് 103 റണ്‍സ് മാത്രം. കൊല്‍ക്കത്ത 61 പന്തില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
താരങ്ങള്‍ പ്രചോദനവാക്കുകള്‍ക്കല്ല കാത്തിരിക്കേണ്ടത്, മറിച്ച് അവസരത്തിനൊത്ത് ഉയരുകയാണ് വേണ്ടതെന്നും ഫ്ലെമിങ് പറഞ്ഞു. ഒരു മത്സരശേഷി പോലും കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തില്‍ ടീമിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഫ്ലെമിങ് കൂട്ടിച്ചേര്‍ത്തു.
സീസണില്‍ ചെന്നൈ ഇനിയുള്ള എല്ലാ മത്സരങ്ങളും നിർണായകമാണ്. ഒരു തോല്‍വി പോലും പ്ലെ ഓഫ് സാധ്യതയില്ലാതാക്കാനിടയുണ്ട്.