ദേ പോയി, ദാ വന്നു! പോപ്പ് ഗായികയടക്കം 6 വനിതകൾ, ബഹിരാകാശ വിനോദസഞ്ചാര യാത്രകളിൽ ചരിത്രമെഴുതി എൻഎസ് 31 ദൗത്യം
ബഹിരാകാശ വിനോദ സഞ്ചാര യാത്രകളുടെ ചരിത്രത്തിൽ പുതു അധ്യായമെഴുതി ബ്ലൂ ഒറിജിന്‍റെ എൻ എസ് 31 ദൗത്യം വിജയം. പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറി, ബ്ലൂ ഒറിജിൻ ഉടമ ജെഫ് ബെസോസിന്‍റെ പ്രതിശ്രുത വധു ലൗറൻ സാഞ്ചേസ് അടക്കം ആറ് വനിതകളായിരുന്നു യാത്രക്കാർ. ന്യൂ ഷെപ്പേഡ് റോക്കറ്റിന്‍റെ സഹായത്തോടെ ഉപരിതലത്തിൽ നിന്ന് 105 കിലോമീറ്റർ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി.
കാർമാൻ ലൈൻ കടന്നതിനാൽ സാങ്കേതികമായി ഇതിനെ ബഹിരാകാശ യാത്ര എന്ന് വിളിക്കാവുന്നതാണ്. ഏതാനം മിനുട്ടുകൾ യാത്രക്കാർക്ക് ഭാരമില്ലാത്ത അവസ്ഥയും അനുഭവപ്പെടും. ഇത്തരത്തിലുള്ള പതിനൊന്നാം യാത്രാ ദൗത്യമായിരുന്നു ഇന്നത്തേത്. കമ്പനി ഉടമ ജെഫ് ബെസോസ് അടക്കം പല പ്രമുഖരും ഈ പേടകത്തിൽ യാത്ര നടത്തിയിട്ടുണ്ടെങ്കിലും പൂർണമായും സ്ത്രീകൾ മാത്രമുള്ള ആദ്യ ദൗത്യമായിരുന്നു ഇന്നത്തേത്. വെസ്റ്റ് ടെക്സാസിൽ വെച്ചായിരുന്നു വിക്ഷേപണം.