തെറ്റ് ബുമ്രയുടെ ഭാഗത്തോ? കരുണ്‍ നായരുമായി വമ്പന്‍ ഉടക്ക്; നോക്കുകുത്തിയായി രോഹിത് ശര്‍മ്മ! റിയാക്ഷന്‍ വൈറല്‍

ദില്ലി: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ കൊമ്പുകോര്‍ത്ത് പേസര്‍ ജസ്പ്രീത് ബുമ്രയും ബാറ്റര്‍ കരുണ്‍ നായരും. മുംബൈയുടെ സ്റ്റാര്‍ പേസറായ ബുമ്രയെ ഡല്‍ഹിയുടെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ രണ്ട് സിക്‌സര്‍ അടക്കം കരുണ്‍ തല്ലിച്ചതച്ച ശേഷമാണ് ഈ സംഭവം ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലുണ്ടായത്.  

മുംബൈ ഇന്ത്യക്കെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 12 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയെങ്കിലും ഇംപാക്ട് സബ്ബായി കളത്തിലെത്തിയ കരുണ്‍ നായകന്‍ വീറോടെ പോരാടി. ക്യാപിറ്റല്‍സ് ബാറ്റിംഗ് നിരയിലെ ഒറ്റയാനായി മാറ്റിയ കരുണ്‍ നായര്‍ 22 പന്തുകളില്‍ അര്‍ധസെഞ്ചുറി തികച്ചു. ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ജേക്ക് ഫ്രേസര്‍-മഗ്‌ഗര്‍ക്കിനെ മീഡിയം പേസര്‍ ദീപക് ചാഹര്‍ പുറത്താക്കിയതോടെ ഇംപാക്ട് സബ്ബായാണ് കരുണ്‍ നായര്‍ കളത്തിലെത്തിയത്. മുംബൈയുടെ ഏറ്റവും മികച്ച ബൗളറായ ജസ്‌പ്രീത് ബുമ്രയെ നേരിട്ട ആദ്യ ഓവറില്‍ രണ്ട് ബൗണ്ടറികള്‍ കരുണ്‍ പറത്തി. അടുത്ത വരവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ ആറാം ഓവറിലാണ് കരുണ്‍ ഷോയുടെ ക്ഷീണം ബുമ്ര ശരിക്കും അറിഞ്ഞത്. ബുമ്രക്കെതിരെ ആദ്യ പന്തില്‍ തന്നെ ഡീപ് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗിലൂടെ കൂറ്റന്‍ സിക്‌സര്‍ നേടിയ കരുണ്‍ നായര്‍ പിന്നീട് ഒരു ഫോറും വീണ്ടുമൊരു സിക്‌സും സഹിതം ആ ഓവറില്‍ 18 റണ്‍സടിച്ചു. ഈ ഓവറിലെ അവസാന ബോളില്‍ ഡബിളുമായി 22 പന്തില്‍ അര്‍ധസെഞ്ച്വറി കരുണ്‍ നായര്‍ തികയ്ക്കുകയും ചെയ്തു. 

എന്നാല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ ജസ്‌പ്രീത് ബുമ്രയുമായി കരുണ്‍ നായര്‍ കൂട്ടിയിടിച്ചതിലാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ പിഴവിന് കരുണ്‍ ഉടന്‍ ബുമ്രയോട് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ കരുണിന്‍റെ അര്‍ധസെഞ്ചുറി ആഘോഷത്തിനിടെ വാക്‌പോരുമായി ബുമ്ര അരികിലെത്തി. ബുമ്ര കരുണിനെതിരെ എന്തൊക്കെയോ പറഞ്ഞ് നടന്നകലുന്നത് വീഡിയോകളില്‍ കാണാം. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പ്രശ്നത്തില്‍ ഇടപെടുകയും കരുണിനെ തണുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ മുംബൈ താരം രോഹിത് ശര്‍മ്മയുടെ റിയാക്ഷനും വൈറലായി. എന്നാല്‍ ഈ നാടകീയ സംഭവങ്ങള്‍ക്ക് ശേഷം അടിതുടര്‍ന്ന കരുണ്‍ നായര്‍ 40 പന്തുകളില്‍ 89 റണ്‍സ് അടിച്ച ശേഷമാണ് പുറത്തായത്. 

നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കരുണ്‍ നായര്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയത്. സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തിലായിരുന്നു കരുണ്‍ ഐപിഎല്‍ 2025ല്‍ ഇടംപിടിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ ഫിഫ്റ്റി ഐപിഎല്ലില്‍ നീണ്ട ഏഴ് വര്‍ഷത്തിന് ശേഷമുള്ള കരുണ്‍ നായരുടെ അര്‍ധസെഞ്ച്വറിയാണ് എന്ന പ്രത്യേകതയുമുണ്ട്. 

Read more: കിംഗിന് മറ്റൊരു റെക്കോര്‍ഡ്; വിരാട് കോലി ട്വന്‍റി 20യിൽ 100 അർധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin