ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കി, ബെംഗലൂരു വിമാനത്താവളത്തിന്റെ നടപടിയിൽ ചൂട് പിടിച്ച ചർച്ചകൾ

ബെംഗളൂരു: ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കി. സൈൻ ബോർഡുകളിൽ ഇംഗ്ലീഷും കന്നഡയും മാത്രമാക്കിയ നീക്കം വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ തുടങ്ങി വച്ചിട്ടുള്ളത്. ആളുകൾ വളരെ വൈകാരികമായാണ് ദ്വിഭാഷ നയത്തോട് പ്രതികരിക്കുന്നത്. ചിലർ ശക്തമായ നീക്കമായി സംഭവത്തെ വിലയിരുത്തുമ്പോൾ മറ്റ് ചിലർ നടപടി ഭാഷാ അറിയാത്തവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നാണ് എക്സിലെ പ്രതികരണങ്ങൾ ഏറെയും വിശദമാക്കുന്നത്. 

കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സൈൻബോർഡുകളിൽ നിന്നും ഹിന്ദി നീക്കിയിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതാണെന്നും എന്നാൽ വിമാനത്താവളം യാത്ര ചെയ്യുന്നവർക്ക് വേണ്ടിയല്ലേയെന്നും ഭാഷാ പ്രശ്നമുള്ളവർക്ക് യാത്രകളിൽ ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് പലരും പ്രതികരിക്കുന്നത്. ബെംഗലൂരു സന്ദർശിക്കുന്നത് ഇംഗ്ലീഷും കന്നഡയും മാത്രം അറിയുന്നവരാണോയെന്നും ചിലർ ചോദിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഈ നീക്കം യാത്രക്കാർക്ക് ഗുണത്തേക്കാൾ ദോഷമാണെന്നും വാദിക്കുന്നവർ ഏറെയാണ്. മെട്രോ സ്റ്റേഷനുകളിൽ ഹിന്ദി മാറ്റുന്നതിൽ തെറ്റില്ലെന്നും എന്നാൽ വിമാനത്താവളത്തിൽ  അത് പ്രായോഗികമല്ലെന്നുമാണ് ഏറിയ പങ്കും ആളുകളും പ്രതികരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വ്യാപകമായി സംസാരിക്കുന്ന ഭാഷകളിലൊന്നായ ഹിന്ദിയെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്യാനും ചിലർ ശ്രമിക്കുന്നുണ്ട്. 

അതേസമയം പുതുക്കിയ ഭാഷാ നയം സംബന്ധിച്ച് വിമാനത്താവള അതോറിറ്റി ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. മൂന്ന് ഭാഷകൾ പഠിക്കുന്നതിലെ ബുദ്ധിമുട്ട് എന്താണെന്നും വീഡിയോ ദൃശ്യത്തോട് പ്രതികരിക്കുന്നവരുമുണ്ട്. രാജ്യത്തെ 40 ശതമാനം ആളുകൾ ഉപയോഗിക്കുന്ന ഭാഷയാണ് ഹിന്ദിയെന്നും ഓർമ്മിപ്പിക്കുന്നവരും ഏറെയാണ്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin