ജിംഖാന പിള്ളേർ സുമ്മാവാ..; എതിരാളികളെ വിറപ്പിച്ച് നസ്ലെൻ; 4 ദിവസത്തില്‍ 20 കോടിയോളം നേടി ആലപ്പുഴ ജിംഖാന
പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് ആലപ്പുഴ ജിംഖാന. തല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ലെൻ നായകനാകുന്നു എന്നതായിരുന്നു അതിന് കാരണം. ബോക്സിങ്ങിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം കാത്തിരിപ്പുകൾക്ക് ഒടുവിൽ ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തുകയും ചെയ്തു. ആദ്യദിനം തന്നെ മികച്ച പ്രതികരണം നേടിയ ആലപ്പുഴ ജിംഖാന ബോക്സ് ഓഫീസിൽ വൻ നേട്ടം കൊയ്യുകയാണ് ഇപ്പോൾ.
വിഷു റിലീസുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായിരിക്കുകയാണ് ആലപ്പുഴ ജിംഖാന ഇപ്പോൾ. ഇക്കാര്യം ബോക്സ് ഓഫീസ് കണക്കുകളും ഉറപ്പിക്കുന്നുണ്ട്. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം നാല് ദിവസത്തിൽ 20 കോടിയിലേറെ ആണ് നസ്ലെൻ ചിത്രം ആഗോളതലത്തിൽ നിന്നും നേടിയിരിക്കുന്നത്. നാല് ദിവസത്തെ കേരള കളക്ഷൻ 12.02 കോടിയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.
നാല് ദിവസത്തെ ആലപ്പുഴ ജിംഖാനയുടെ ഇന്ത്യ നെറ്റ് കളക്ഷൻ 12.60 കോടിയാണ്. ഓവർസീസിൽ നിന്നും 10 കോടിയും ഇന്ത്യ ഗ്രോസ് കളക്ഷൻ 14 കോടിയുമാണ്. ആലപ്പുഴ ജിംഖാന നാല് ദിവസത്തിൽ ആഗോള തലത്തിൽ നേടിയ കളക്ഷൻ 24.40 കോടിയാണ്. സംസ്ഥാന ബോക്സ് ഓഫീസ് കണക്ക് നോക്കുമ്പോള്‍ കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത് കർണാടകയിലാണ്. 1.47 കോടിയാണ് സംസ്ഥാനത്ത് നിന്നും ഇതുവരെ ചിത്രം നേടിയത്. ബുക്ക് മൈ ഷോയിലും മികച്ച ബുക്കിംഗ് ആണ് ആലപ്പുഴ ജിംഖാനയ്ക്ക് നടക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം 2025ലെ വിഷു വിന്നർ നസ്ലെൻ പടമാണെന്ന് നിശംസയം പറയാനാകും. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.