കിംഗിന് മറ്റൊരു റെക്കോര്‍ഡ്; വിരാട് കോലി ട്വന്‍റി 20യിൽ 100 അർധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ജയ്‌പൂര്‍: ട്വന്‍റി 20 ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് റണ്‍മെഷീന്‍ വിരാട് കോലി. ട്വന്‍റി 20യിൽ 100 അർധസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് രാജസ്ഥാൻ റോയൽസിനെതിരെ ഫിഫ്റ്റി കണ്ടെത്തിയതോടെ കോലി സ്വന്തമാക്കിയത്. രാജസ്ഥാനെതിരെ കോലി 45 പന്തിൽ 62 റൺസുമായി പുറത്താവാതെ നിന്നു. ഈ ഐപിഎല്‍ സീസണിൽ കോലിയുടെ മൂന്നാം അർധസെഞ്ച്വറിയാണിത്. 405 ട്വന്‍റി 20യിൽ 100 അർധസെഞ്ച്വറിയും ഒൻപത് സെഞ്ച്വറിയുമാണ് കോലിയുടെ പേരിനൊപ്പമുള്ളത്. അ‍ർധസെഞ്ച്വറി നേട്ടത്തിൽ രണ്ടാമനാണിപ്പോൾ കോലി.

108 ഫിഫ്റ്റിയുള്ള ഓസീസ് താരം ഡേവിഡ് വാർണറാണ് ഒന്നാംസ്ഥാനത്ത്. പാകിസ്ഥാന്‍റെ ബാബർ അസം 90ഉം, വിന്‍ഡീസിന്‍റെ ക്രിസ് ഗെയ്ൽ 88ഉം ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‍ലർ 86ഉം അർധസെഞ്ച്വറികൾ നേടിയിട്ടുണ്ട്. മൂവരും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വിവിധ ലീഗുകളില്‍ കളിച്ചിട്ടുള്ള താരങ്ങളാണ്. അതേസമയം വിരാട് കോലി രാജ്യാന്തര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കായും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഐപിഎല്ലിലും മാത്രമാണ് കളിക്കുന്നത്. 

വിരാട് കോലി ഫിഫ്റ്റി അടിച്ചെടുത്ത മത്സരത്തില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ പതിനെട്ടാം സീസണിലെ നാലാം ജയം സ്വന്തമാക്കി. ബെംഗളൂരു ഒൻപത് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസിനെ തകർത്തത്. രാജസ്ഥാന്‍റെ 173 റൺസ് ആർസിബി ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്ത് ശേഷിക്കേ മറികടന്നു. വിരാട് കോലിയുടെ 45 പന്തിലെ 62*ന് പുറമെ സഹ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടും ആര്‍സിബിക്കായി തിളങ്ങി. സാള്‍ട്ട് 33 പന്തില്‍ 65 റണ്‍സെടുത്താണ് മടങ്ങിയത്. 28 പന്തില്‍ 40 റണ്‍സുമായി ദേവ്‌ദത്ത് പടിക്കലും തിളങ്ങി. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 173-4 എന്ന സ്കോറില്‍ ചുരുങ്ങിയപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ (47 പന്തില്‍ 75) ആയിരുന്നു ടോപ്പര്‍. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 19 പന്തില്‍ 15 റണ്‍സ് മാത്രമെടുത്ത് പുറത്തായി. 

Read more: തോറ്റിട്ടും പോയിന്റ് പട്ടികയില്‍ രാജസ്ഥാന്റെ സ്ഥാനത്തിന് മാറ്റമില്ല! കുതിച്ചുചാടി ആര്‍സിബി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin