കളിക്കുന്നതിനിടെ കാറിനകത്ത് കയറിയ കുട്ടികൾക്ക് പുറത്തിറങ്ങാനായില്ല; 2 മണിക്കൂറിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ബന്ധുവീട്ടിലെത്തിയ രണ്ട് കുട്ടികൾ കളിക്കുന്നതിനിടെ കാറിനുള്ളിൽ അകപ്പെട്ട് ശ്വാസംമുട്ടി മരിച്ചു. രണ്ട് മണിക്കൂറോളമാണ് കുട്ടികൾ പുറത്തുകടക്കാനാവാതെ കാറിനുള്ളിൽ കുടുങ്ങിപ്പോയത്. കുട്ടികൾ പുറത്തു നിന്ന് കളിക്കുകയായിരിക്കുമെന്ന് കരുതി മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ശ്രദ്ധിച്ചതുമില്ല.

തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലിയിലുള്ള ദമർഗിഡ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുക്കൾ കൂടിയായ തൻമയി ശ്രീ (5), അഭിനയ ശ്രീ (4) എന്നിവരാണ് മരിച്ചത്. ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനാണ് കുട്ടികൾ മാതാപിതാക്കൾക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം  ബന്ധുവീട്ടിൽ എത്തിയത്.  ഇരുവരും വീടിന് പുറത്തു നിന്ന് കളിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12 മണിയോടെ ഇവർ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു കാറിനകത്ത് കയറി. എന്നാൽ കാർ ലോക്കായി പോയതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടികൾക്ക് കളിക്കുകയായിരിക്കും എന്ന് മറ്റുള്ളവരും കരുതി. രണ്ട് മണിയോടെ കാറിനടുത്ത് ബന്ധുക്കളിൽ ചിലർ എത്തിയപ്പോഴാണ് കുട്ടികൾ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. കാർ തുറന്ന് ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin