ഒളിച്ചുകളിക്കിടെ കാണാതായ ഒരുവനെ ഒടുവില്‍ കണ്ടെത്തി, ആരും പ്രതീക്ഷിക്കാത്ത ഒരിടത്ത്!
നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in.സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം
‘ഇനി നീ തനിയെ ഞെട്ടറ്റു വീഴുക,
എറിഞ്ഞു വീഴ്‌ത്തേണ്ട ബാല്യങ്ങളൊക്കെ
മൊബൈലില്‍ കളിക്കുകയാണ്’
പഴുത്ത ഒരു മാങ്ങാക്കൂട്ടത്തിന്‍റെ ചിത്രത്തിന് താഴെ ഈ അടിക്കുറിപ്പുമായി ഒരു വാട്‌സാപ്പ് സ്റ്റാറ്റസ് വെക്കേഷന്‍ തുടങ്ങിയതില്‍ പിന്നെ പലവട്ടം കണ്ടു. ആദ്യമൊക്കെ വെറുതെ നോക്കി വിട്ടെങ്കിലും എപ്പോഴോ ആ വരികളെന്‍റെ ഉള്ളിലുടക്കി. സാങ്കേതിക വിദ്യയും കണ്ട് പിടുത്തങ്ങളുമൊക്കെ വിശാലമായ വിധത്തില്‍ പുരോഗമിക്കുമ്പോഴും നമ്മുടെ കുട്ടികളുടെ ലോകം അവരിലേക്ക് തന്നെ ചുരുങ്ങി പോകുന്നല്ലോ എന്ന് സങ്കടപ്പെട്ടു. എത്രയെത്ര സൗഹൃദ കൂട്ടായ്മകളുടെ, പങ്കുവെക്കലുകളുടെ, കളിചിരികളുടെ രസച്ചരടുകളാണ് ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് നഷ്ടമാവുന്നത്. അവധിക്കാലങ്ങളൊക്കെ ഈ കുട്ടികള്‍ എങ്ങനെയാണ് അനുഭവിക്കുന്നുണ്ടാവുക എന്ന് ആലോചിച്ചു. അന്നേരമൊക്കെ പഴയ അവധിക്കാലങ്ങളുടെ തിമിര്‍പ്പുകള്‍ ഉള്ളില്‍ ഓര്‍മ്മകളായി വന്നു നിറഞ്ഞു.
മാര്‍ച്ചില്‍ പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അടക്കുമ്പോഴേക്കും വീടിനടുത്ത അമ്പലത്തിലെ ഉത്സവം കൊടിയിറങ്ങിക്കാണും. പക്ഷേ, ഞങ്ങളുടെ അവധിക്കാല ഉത്സവം ഗംഭീരമായി കൊടിയേറുന്നത് അന്നേരത്താണ്. എണ്ണിയാലൊടുങ്ങാത്ത പ്ലാനിംഗുമായാണ് ഓരോ അവധിക്കാലവും ആരംഭിക്കുന്നത്. രാവിലെ എണീറ്റ് കുളിച്ച് ചായയും കുടിച്ച് ഇറങ്ങിയാല്‍ പിന്നെ വീടിന്‍റെ ഓര്‍മ്മ വരുന്നത് ഉച്ചക്ക് വിശപ്പ് കൊടുംപിരി കൊള്ളുമ്പോഴാണ്.
കഴിക്കാനുള്ള നേരത്ത് വീട്ടില്‍ എത്തിയാലെത്തി പിറ്റേന്ന് കളിക്കാന്‍ വിട്ടില്ലെങ്കിലോ എന്ന പേടിയില്‍ പലരും ഇപ്പോള്‍ വരാമെന്ന ഉറപ്പില്‍ വീട്ടിലേക്ക് ഓടും. ചിലരാകട്ടെ വന്നോടത്ത് വെച്ചു കാണാമെന്ന് വെച്ച്, വീട്ടില്‍ പോകാതെ കളിക്കാന്‍ ഒത്തുകൂടിയ വീട്ടില്‍ നിന്ന് തന്നെ ചോറുണ്ണും. രാവിലെ മിക്കവാറും ഒളിച്ചുകളിയും കള്ളനും പോലീസുമൊക്കെയാവും.
ഒരു ദിവസം ഒളിച്ച് കളിക്കിടയില്‍ ഒരുത്തനെ മാത്രം കാണാനില്ല. പല പ്രലോഭനങ്ങളും വിളിച്ച് പറഞ്ഞു നോക്കി, ഭീഷണിപ്പെടുത്തി നോക്കി, ഒളിച്ചവന്‍ പുറത്തോട്ട് വരുന്നില്ല! അതിനിടെ, വീട്ടിലെ മുതിര്‍ന്നവരുടെ ശബ്ദം ഉയര്‍ന്നു തുടങ്ങി. തിരച്ചില്‍ പാടത്തും കിണറ്റിന്‍ കരയിലും വരെ എത്തിനിന്നു. അപ്പോഴാണ് കൂട്ടത്തില്‍ ധൈര്യശാലികളായ രണ്ട് പേര്‍ ചെന്ന് അവന്‍റെ അമ്മയോട് വിവരം പറയാമെന്നേറ്റത്. മടിച്ച് മടിച്ച് അവര്‍ വീടിന്‍റെ ഉമ്മറത്ത് എത്തുമ്പോള്‍, അവനുണ്ട് ധൃതിയില്‍ ഇരുന്ന് ചോറ് വാരിക്കഴിക്കുന്നു!
‘ഒറ്റതെറുപ്പിന് കുറ്റിപ്പുറം’ എന്ന് പറയുന്ന പോലെ അവന് ഒറ്റ ചവിട്ട് കൊടുക്കാന്‍ തോന്നിയെന്നാണ് പോയവര്‍ തിരിച്ച് വന്ന് പറഞ്ഞത്. അന്ന് മുതല്‍ സാറ്റ് കളിക്ക് പുതിയൊരു നിയമം കൂടി വന്നു. ‘കണ്ടോരൊക്കെ കള്ളന്മാര്‍, പുറകിലൊളിക്കാന്‍ പാടില്ല, വീട്ടില്‍ പോകാന്‍ പാടില്ല. ഇന്നിത് എഴുതുമ്പോള്‍ പോലും ഉള്ളില്‍ വിരിയുന്നുണ്ട് ആ ഓര്‍മ്മ തരുന്ന ചെറുചിരി.
അന്ന് ഒട്ടുമിക്ക വീടുകളിലും ആട് വളര്‍ത്തല്‍ ഉണ്ട്. അവധിക്കാലത്ത് ഉച്ചയ്ക്ക് ശേഷം ആടുതീറ്റയാണ്. ആടുകളെ തീറ്റാന്‍ പാടത്തേക്ക് കൊണ്ട് പോകുന്നത് കുട്ടികളാണ്. രാജകീയമാണ് ആ പോക്ക്. കൈയില്‍ മാങ്ങ, ഉപ്പ്, മുളക് തുടങ്ങി പല വീടുകളില്‍ നിന്ന് ഒപ്പിച്ച സാധനങ്ങളുണ്ടാവും. കല്ലില്‍ എറിഞ്ഞ് മാങ്ങാ ചതച്ച് ഉപ്പും മുളകും കൂട്ടി തണലത്ത് ഇരുന്നൊരു തീറ്റയുണ്ട്. കുപ്പായത്തിനൊക്കെ മാങ്ങാ ചുനയുടെ മണം വരും.
വീടിന്‍റെ പരിസരത്ത് അന്ന് ആകെ ഒരു വീട്ടിലെ ടിവിയുള്ളൂ. അതിലണെങ്കില്‍ ദൂരദര്‍ശന്‍ മാത്രമേ കാണൂ. ആഴ്ചയിലൊരിക്കല്‍ ചിത്രഗീതം കാണാനായി വൈകുന്നേരം ഏഴ് മണിക്ക് മണ്ണെണ്ണ വിളക്കും കത്തിച്ച് പിടിച്ചൊരു പോക്കുണ്ട്. ഞായറാഴ്ചയിലെ ശക്തിമാന്‍, നാല് മണിക്കുള്ള സിനിമ. ഇതൊക്കെയാണ് മുഖ്യ ആകര്‍ഷണങ്ങള്‍.
ഞങ്ങളുടെ കൂട്ടത്തിലൊരാളുടെ വീട്ടില്‍ സൈക്കിള്‍ വാങ്ങിച്ചത് അങ്ങനെയൊരു കാലത്താണ്. ഊഴം വെച്ച് അവന്‍ ഓരോരുത്തര്‍ക്കും ചവിട്ടാന്‍ കൊടുത്തു. സൈക്കിളില്‍ കേറി ഇരുന്ന് പരിചയം ഇല്ലാത്ത ഞാനും അത് പുറത്ത് കാണിക്കാതെ സൈക്കിളില്‍ ചാടിക്കേറി. കളി കാര്യമായി. കാലില്‍ എങ്ങനെയോ സൈക്കിളിന്‍റെ ചങ്ങല കുടുങ്ങി. പിടിച്ച് വലിക്കാന്‍ പേടി. അടക്കി പിടിച്ച കരച്ചില്‍ പുറത്ത് വന്ന് തുടങ്ങി. ആരോ കാല് പിടിച്ച് വലിച്ച് പുറത്തെടുത്തു. ചോരയെക്കാള്‍ പേടി വീട്ടില്‍ അറിയുന്നത് ആയിരുന്നു.
വേഗം കഴുകി. വേദന സഹിച്ചു വീട്ടിലേക്ക് മിണ്ടാതെ നടന്നു. അമ്മ തന്നെ രാത്രി മുറിവ് കണ്ടെത്തി. പിറ്റേന്ന് കളിക്കാന്‍ വിട്ടിലെങ്കിലോ എന്ന പേടികൊണ്ട് മാത്രം മാവിന്‍റെ വേര് തട്ടിയതാണ് എന്നൊരു കള്ളം വെച്ച് കാച്ചി. അമ്മ അന്നത് വിശ്വസിച്ചോ ആവോ!
കാലമെത്ര കടന്നു പോയി. പലരും പല വഴിക്കായി. വിശേഷങ്ങള്‍ക്കുള്ള കൂടിച്ചേരലുകള്‍, വാട്‌സാപ്പില്‍ വല്ലപ്പോഴും വരുന്ന വിശേഷം പറച്ചിലുകള്‍. അതിലേക്ക് ഒതുങ്ങി എല്ലാവരുടെയും ലോകം. എങ്കിലും ഒന്ന് പിണങ്ങിയാല്‍ കുടിച്ച വെള്ളം പോലും തിരിച്ചു ചോദിച്ചിരുന്ന, സ്‌നേഹം കൂടുമ്പോള്‍ ഒന്ന് നിനക്കും കൂടി എന്ന് മാറ്റി വെച്ചിരുന്ന ആ കാലം ഓര്‍മ്മ നശിക്കുന്നത് വരെ വിട്ടുപോകില്ലല്ലോ. അന്നത്തെ മുറിവിന്‍റെ പാട് ഇപ്പോഴും കാലിലുണ്ട്. അത് കാണുമ്പോള്‍ ആ കാലം ഓര്‍മ്മവരും. കാലില്‍ സൈക്കിള്‍ ചങ്ങലയുടെ തണുപ്പ് അരിച്ചുകയറും.
ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.