‘എനിക്ക് ഒരു അവസരം കൂടി തരൂ’; കരുണ്‍ നായരുടെ പഴയ ട്വീറ്റ് വീണ്ടും വൈറല്‍, മലയാളി താരത്തിന് പിന്തുണയേറുന്നു

ദില്ലി: ടെസ്റ്റ് കുപ്പായത്തില്‍ ടീം ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി തികച്ച താരം. എന്നാല്‍ പിന്നീട് രാജ്യാന്തര ക്രിക്കറ്റിലെ വെള്ളക്കുപ്പായത്തില്‍ നിന്ന് സ്ഥാനം പുറത്ത്. ഐപിഎല്ലിലും ഏതാണ്ട് സമാനമായ വരവും പോക്കും. പ്രതിഭയുണ്ടായിട്ടും രാജ്യാന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ക്ലച്ച് പിടിക്കാതെ പോയ ബാറ്ററാണ് മലയാളി താരം കൂടിയായ കരുണ്‍ നായര്‍. എന്നാലിപ്പോള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഐപിഎല്ലിലേക്കുള്ള മടങ്ങിവരവില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനായി 40 പന്തുകളില്‍ 89 റണ്‍സ് നേടി കരുണ്‍ നായര്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഇതോടൊപ്പം കരുണിന്‍റെ പഴയൊരു ട്വീറ്റും എക്‌സില്‍ ട്രെന്‍ഡിംഗായി. 

2022ലായിരുന്നു കരുണ്‍ നായരുടെ ആ ട്വീറ്റ്. ഡിയര്‍ ക്രിക്കറ്റ്, ഗിവ് മീ വണ്‍ മോര്‍ ചാന്‍സ് (പ്രിയപ്പെട്ട ക്രിക്കറ്റ് എനിക്കൊരു അവസരം കൂടി തരൂ)- എന്നായിരുന്നു അന്ന് കരുണ്‍ നായരുടെ ട്വീറ്റ്. എന്നാല്‍ ഐപിഎല്ലില്‍ വീണ്ടുമൊരു അവസരം ലഭിക്കാന്‍ കരുണിന് 2025 സീസണ്‍ വരെ കാത്തിരിക്കേണ്ടിവന്നു. 

Read more: തെറ്റ് ബുമ്രയുടെ ഭാഗത്തോ? കരുണ്‍ നായരുമായി വമ്പന്‍ ഉടക്ക്; നോക്കുകുത്തിയായി രോഹിത് ശര്‍മ്മ! റിയാക്ഷന്‍ വൈറല്‍

ഐപിഎല്ലിലേക്കുള്ള മടങ്ങിവരവില്‍ തന്‍റെ പ്രതിഭ ആവോളം വ്യക്തമാക്കിയായിരുന്നു കരുണ്‍ നായരുടെ ഇന്നിംഗ്സ്. മുംബൈയുടെ 205 റണ്‍സ് പിന്തുടരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മറുപടി ബാറ്റിംഗിലെ ആദ്യ പന്തില്‍ ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ക്കിനെ പേസര്‍ ദീപക് ചാഹര്‍ പുറത്താക്കിയപ്പോള്‍ ഇംപാക്ട് സബ്ബായി കരുണ്‍ നായര്‍ ക്രീസിലേക്ക് വന്നു. തൊട്ടടുത്ത ഓവറില്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ മൂന്ന് ബൗണ്ടറികള്‍ നേടിയ കരുണ്‍ നായര്‍ പിന്നീട് ജസ്‌പ്രീത് ബുമ്രയെയും ഹാര്‍ദിക് പാണ്ഡ്യയെയും കണക്കിന് ശിക്ഷിച്ചു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ ബുമ്രയെ രണ്ട് സിക്‌സിനും ഒരു ഫോറിനും പറത്തി 18 റണ്‍സുമായി കരുണ്‍ നായര്‍ ഫിഫ്റ്റിയിലെത്തി. 22 പന്തിലായിരുന്നു ഡല്‍ഹിയുടെ മലയാളി താരം അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കരുണ്‍ നായരുടെ പ്രത്യാക്രമണത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആറോവറില്‍ 72-1 എന്ന ശക്തമായ നിലയിലേക്ക് തിരിച്ചുവന്നു. ഇന്നിംഗ്‌സിലെ 12-ാം ഓവറിലെ നാലാം പന്തില്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നര്‍ കരുണ്‍ നായരെ ബൗള്‍ഡാക്കുമ്പോള്‍ താരത്തിന്‍റെ പേരിന് നേര്‍ക്ക് 40 പന്തുകളില്‍ 89 റണ്‍സുണ്ടായിരുന്നു. കരുണ്‍ നായര്‍ 12 ഫോറും അഞ്ച് സിക്‌സറുകളും സ്വന്തമാക്കി. 

കരുണ്‍ നായര്‍ തകര്‍ത്താടിയിട്ടും മത്സരം ഡല്‍ഹി ക്യാപിറ്റല്‍സ് 12 റണ്‍സിന് തോറ്റു. അവസാന ഓവറുകളില്‍ മുംബൈ ശക്തമായ ഫീല്‍ഡിംഗിലൂടെ നടത്തിയ തിരിച്ചുവരവിലായിരുന്നു ഈ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ആദ്യമായി പരാജയം രുചിച്ചത്. ജസ്പ്രീത് ബുമ്ര എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് ബാറ്റര്‍മാര്‍ റണ്ണൗട്ടായതോടെ ഡല്‍ഹിയെ മുംബൈ 193 റണ്‍സില്‍ ഒതുക്കുകയായിരുന്നു. 

Read more: ആ സിക്സ് പോയ പോക്കേ! ഏറ്റവും മികച്ച ബൗളറാണെന്ന ബഹുമാനം പോലുമില്ല; ബുമ്രയെ അടിച്ച് തൂഫാനാക്കി കരുണ്‍ നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin