ആ സിക്സ് പോയ പോക്കേ! ഏറ്റവും മികച്ച ബൗളറാണെന്ന ബഹുമാനം പോലുമില്ല; ബുമ്രയെ അടിച്ച് തൂഫാനാക്കി കരുണ്‍ നായര്‍

ദില്ലി: ഇതൊക്കെയാണ് തിരിച്ചുവരവ് എന്ന് പറയുന്നത്, ഐപിഎല്ലിലേക്കുള്ള മടങ്ങിവരവ് ബാറ്റ് കൊണ്ട് ആഘോഷമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മലയാളി ബാറ്റര്‍ കരുണ്‍ നായര്‍. ഇത്രയും കാലം പുറത്തിരുത്തിയവര്‍ക്കുള്ള മറുപടി. മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായ മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്‌പ്രീത് ബുമ്രയെ തലങ്ങുംവിലങ്ങും പായിച്ചുള്ള സിക്‌സുകളും ബൗണ്ടറികളുമായി കരുണ്‍ മനംകവര്‍ന്നു. ഇതിലേറ്റവും ശ്രദ്ധേയും ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ ആറാം ഓവറിലെ ആദ്യ പന്തില്‍ ബുമ്രക്കെതിരെ നേടിയ ഫ്ലിക് തന്നെ. 

മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ട് വരെ കയ്യടിപ്പിച്ച ഷോട്ട്. ലോക ക്രിക്കറ്റില്‍ എബിഡിയും സ്കൈയും പരീക്ഷിച്ച് കണ്ടിട്ടുള്ള ഡീപ് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗ് ഫ്ലിക്ക്. ക്രീസില്‍ നില്‍ക്കുന്ന ഏതൊരു ബാറ്ററെയും വിറപ്പിക്കുന്ന പേസറാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ജസ്പ്രീത് ബുമ്ര. ബാറ്റര്‍ക്ക് റീഡ് ചെയ്യാന്‍ പറ്റാത്ത ആക്ഷനും ബോള്‍ റിലീസിംഗും അളന്നുമുറിച്ചുള്ള കൃത്യതയും 145 കിലോമീറ്റര്‍ ശരാശരിയുള്ള അതിവേഗവും വിരല്‍ത്തുമ്പ് തകര്‍ക്കുന്ന യോര്‍ക്കറുകളും ബുമ്രയെ ലോകത്തെ ഏറ്റവും അപകടം പിടിച്ച പേസറാക്കുന്നു. ആ ബുമ്രയെയാണ്, യാതൊരു സങ്കോചവുമില്ലാതെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മലയാളി ബാറ്ററായ കരുണ്‍ നായര്‍ അടിച്ചുപറത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ ആറാം ഓവറിലെ ആദ്യ പന്ത് കരുണ്‍ സിക്‌സര്‍ നേടിയത് ഏവരെയും അമ്പരപ്പിച്ചു. കരുണിന്‍റെ സിക്‌സ് ഡീപ് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗിലൂടെ ഗ്യാലറിയിലേക്ക് എത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പോലും കയ്യടിച്ചുപോയി. ഇതിന് ശേഷം അതേ ഓവറിലെ അഞ്ചാം പന്തില്‍ ലോംഗ് ഓഫിലൂടെയും കരുണ്‍ സിക്സര്‍ നേടി. 

മത്സരത്തില്‍ ഇംപാക്ട് സബ്ബായി ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ ക്രീസിലെത്തിയ കരുണ്‍ ബുമ്രയെ പായിച്ച് 22 പന്തില്‍ അര്‍ധസെഞ്ച്വറി നേടി. മുംബൈ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറുടെ പന്തില്‍ പുറത്താകുമ്പോള്‍ 40 ബോളുകളില്‍ 89 റണ്‍സുണ്ടായിരുന്നു കരുണ്‍ നായര്‍ക്ക്. കരുണ്‍ 12 ഫോറും 5 സിക്സുകളും പറത്തി. 222 സ്ട്രൈക്ക് റേറ്റിലായിരുന്നു കരുണിന്‍റെ ബാറ്റിംഗ്. ഐപിഎല്ലില്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കരുണ്‍ നായര്‍ കളത്തിലിറങ്ങിയത്. 

Read more: തെറ്റ് ബുമ്രയുടെ ഭാഗത്തോ? കരുണ്‍ നായരുമായി വമ്പന്‍ ഉടക്ക്; നോക്കുകുത്തിയായി രോഹിത് ശര്‍മ്മ! റിയാക്ഷന്‍ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin