കൊച്ചി: ആലുവ സ്വകാര്യ ബസ് സ്റ്റാൻറിൽ ബസ് ജീവനക്കാരുടെ ഏറ്റുമുട്ടലും കൊലവിളിയും. യാത്രാ സമയത്തെ തുടർന്നുളള തർക്കമാണ് കയ്യാങ്കളിയിലേക്ക് നീണ്ടത്. സംഘർഷത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിനിടെ മറ്റൊരു കേസിൽ ബസ് ജീവനക്കാരെ ആക്രമിച്ച സഹോദരങ്ങളെ എടത്തല പോലീസ് പിടികൂടുകയും ചെയ്തു.
ആലുവ സ്വകാര്യ ബസ് സ്റ്റാന്റിൽ ഇന്നലെ ഉച്ചയോടെയാണ് ബസ് ജീവനക്കാർ തമ്മിൽ സംഘർഷമുണ്ടായത്. അടിയേറ്റു വീണയാളെ രക്ഷിക്കാൻ ചെന്നവരോടും ഇവർ വെല്ലുവിളിയുയർത്തി. മർദനമേറ്റയാൾ മരിച്ചു പോയാൽ കുറ്റം താൻ ഏറ്റെടുത്തോളാമെന്നായിരുന്നു ഒരാളുടെ ആക്രോശം. ബസ് ഡ്രൈവർ ടോണിയെയാണ് മറ്റു ബസുകളിൽ നിന്നെത്തിയ മൂന്ന് ജീവനക്കാർ ചേർന്ന് മർദ്ദിച്ചത്. സമയക്രമത്തെ ചൊല്ലിയുളള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
അവധിക്കാലമായതോടെ യാത്രക്കാർ കുറഞ്ഞതാണ് ബസ് ജീവനക്കാരുടെ തർക്കങ്ങൾക്ക് പിന്നെലെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ പൂക്കാട്ടുപടിയിൽ കഴിഞ്ഞ ദിവസം ബസ് ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ സഹോദരങ്ങളായ പ്രതികൾ പിടിയിലായി. കഴിവേലിപ്പടി സ്വദേശികളായ അയൂബ്, അൽത്താഫ് എന്നിവരെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.