‘അങ്ങനെ കരുതാനാണ് എനിക്ക് താല്‍പ്പര്യം…’; റിട്ടയര്‍ഡ് ഔട്ട് വിവാദത്തില്‍ മൗനം വേടിഞ്ഞ് തിലക് വർമ

ഐപിഎല്ലില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ഒന്നായിരുന്നു ലക്നൗ സൂപ്പ‍ര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ യുവതാരം തിലക് വര്‍മയെ മുംബൈ ഇന്ത്യൻസ് നി‍‍ര്‍ബന്ധിതമായി റിട്ടയേര്‍ഡ് ഔട്ടാക്കിയത്.  ആരാധകരേയും വിദഗ്ദരേയുമെല്ലാം ആശയക്കുഴപ്പത്തിലാക്കി നീക്കമായിരുന്നു അത്. തിലകിനെ പോലെ ഫോമിലുള്ള താരത്തിനെ തിരിച്ചുവിളിച്ചത് തെറ്റായ തീരുമാനമായിരുന്നെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍, സംഭവത്തിനെക്കുറിച്ച് ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് തിലക് തന്നെ.

“ടീമിന് അനിവാര്യമായ തീരുമാനമാണ് മാനേജ്മെന്റ് സ്വീകരിച്ചതെന്നാണ് ഞാൻ കരുതുന്നത്. അതിനാല്‍ പോസിറ്റീവായാണ് ആ തീരുമാനത്തെ കാണുന്നത്, നെഗറ്റീവായല്ല. ഇത്തരം സാഹചര്യങ്ങളെ നിങ്ങളെങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതാണ് പ്രധാനം. ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യുകയാണെങ്കിലും മികവ് പുലര്‍ത്തുക എന്നതാണ് ലക്ഷ്യം. അതുതന്നെയാണ് പരിശീലകരുമായുള്ള സംഭാഷണങ്ങളില്‍ പറഞ്ഞിട്ടുള്ളതും. ഏത് സ്ഥാനത്ത് കളിപ്പിച്ചാലും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞാൻ വ്യക്തമാക്കിയിട്ടുണ്ട്,” സ്റ്റാര്‍ സ്പോ‍ര്‍ട്സിനോട് സംസാരിക്കവെ തിലക് പറഞ്ഞു.

ഡല്‍ഹിക്കെതിരായ വിജയത്തില്‍ ഇംപാക്ട് സബ്ബായി കളത്തിലെത്തിയ കരണ്‍ ശര്‍മയ്ക്കായിരുന്നു നായകൻ ഹാര്‍ദിക്ക് പാണ്ഡ്യ എല്ലാ ക്രെഡിറ്റും നല്‍കിയത്. മൂന്ന് വിക്കറ്റെടുത്ത കരണായിരുന്നു കളിയുടെ ഗതി തിരിച്ചതും. 36 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു കരണിന്റെ പ്രകടനം. കരണിനെ കളിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചതും 11-ാം ഓവറിന് ശേഷം ന്യു ബോള്‍ തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടത് രോഹിത് ശര്‍മയായിരുന്നു.

പിന്നീട് 119-1 എന്ന ശക്തമായ നിലയില്‍ നിന്ന ഡല്‍ഹി 193 റണ്‍സിന് പുറത്താവുകയായിരുന്നു. രോഹിതിന്റെ മികവിനെ മുൻ താരം ഹര്‍ഭജൻ സിങ്ങും പുകഴ്ത്തിയിരുന്നു.

ഇതിനുശേഷം ഡല്‍ഹിയുടെ വിക്കറ്റുകള്‍ നിരന്തരം പൊഴിയുന്നതായിരുന്നു കണ്ടത്. സംഭവത്തില്‍ ഇപ്പോള്‍ നിരീക്ഷണം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹര്‍ഭജൻ സിംഗ്.

“രോഹിത് ശ‍ര്‍മയുടെ ആ തീരുമാനം മുംബൈയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചു. കരുണ്‍ നായരിനെ പിടിച്ചു നി‍ര്‍ത്താൻ ആര്‍ക്കും സാധിക്കുന്നുണ്ടായില്ല. 13-ാം ഓവര്‍ വരെ ഡല്‍ഹി ജയിക്കുമെന്നാണ് കരുതിയത്. അപ്പോഴാണ് രോഹിത് ജയവര്‍ധനയോട് സ്പിന്നര്‍മാരെ ഉപയോഗിക്കാൻ നിര്‍ദേശിക്കാൻ ആവശ്യപ്പെട്ടത്. എന്നാല്‍, രോഹിതിന്റെ തീരുമാനത്തോട് ജയവര്‍ധനെ ആദ്യം യോജിച്ചിരുന്നില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. ജയവര്‍ധനയുടെ പദ്ധതി പ്രകാരം മുന്നോട്ട് പോയിരുന്നെങ്കില്‍ മുംബൈ പരാജയപ്പെടുമായിരുന്നു. എപ്പോഴും ഒരു നായകനെ പോലെ ചിന്തിക്കുന്ന താരമാണ് രോഹിത്. അദ്ദേഹത്തിന്റെ തന്ത്രമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്,” ഹ‍‍ര്‍ഭജൻ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

By admin