34 കിമി മൈലേജ്, 6 എയർബാഗുകൾ, ഇതാ പുതിയ മാരുതി വാഗൺ ആർ!
മാരുതി സുസുക്കി 2025 മോഡൽ വാഗൺആർ ഹാച്ച്ബാക്കിനെ അവതരിപ്പിച്ചു. ഈ പുതിയ ഹാച്ച്ബാക്കിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡ് സുരക്ഷാ സംവിധാനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 മാരുതി വാഗൺആറിന്റെ സുരക്ഷാ കിറ്റിൽ പിൻ പാർക്കിംഗ് സെൻസറുകൾ, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ) ഉള്ള എബിഎസ് (ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സെൻട്രൽ ലോക്കിംഗ് സിസ്റ്റം എന്നിവ തുടർന്നും ലഭ്യമാകും.
2025 മാരുതി വാഗൺആർ മോഡൽ നിരയിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹാച്ച്ബാക്കിൽ അതേ 1.0L, 3-സിലൈനർ, 1.2L, 4-സിലിണ്ടർ പെട്രോൾ എഞ്ചിനുകൾ ഉപയോഗിക്കുന്നു, ഇത് യഥാക്രമം 68bhp ഉം 90bhp ഉം പവർ നൽകുന്നു. രണ്ട് എഞ്ചിനുകളും കൂൾഡ് EGR (എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ_ ഡ്യുവൽജെറ്റ്, ഡ്യുവൽ VVT (വേരിയബിൾ വാൽവ് ടൈമിംഗ്), ISS (ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ്) സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്യുന്നു, ഇത് ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയും എമിഷൻ ലെവലുകൾ കുറയ്ക്കുകയും ചെയ്യുന്നു.
മാരുതി വാഗൺആറിന്റെ ഇന്ധനക്ഷമത എപ്പോഴും ജനപ്രിയമാണ്. 1.0 ലിറ്റർ പെട്രോൾ പതിപ്പ് ലിറ്ററിന് 25.19 കിലോമീറ്റർ മൈലേജ് നൽകുന്നു, അതേസമയം 1.2 ലിറ്റർ പെട്രോൾ മോഡൽ ലിറ്ററിന് 24.43 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഹാച്ച്ബാക്കിന്റെ സിഎൻജി പതിപ്പ് കിലോഗ്രാമിന് 34.05 കിലോമീറ്റർ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു. വാഹനം 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.
ഇന്ത്യയിൽ 25 വർഷങ്ങൾ:
കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ് മാരുതി വാഗൺആർ. അടുത്തിടെ, ഹാച്ച്ബാക്ക് അതിന്റെ 25- ാം വാർഷികം ആഘോഷിച്ചു. ഇതുവരെ 32 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട് വാഗൺ ആറിന്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന കാർ മോഡൽ ആണിത്. കൂടാതെ, ആഭ്യന്തര വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സിഎൻജി വാഹനം കൂടിയാണ് വാഗൺആർ. ഇന്നുവരെ 6.6 ലക്ഷത്തിലധികം സിഎൻജി യൂണിറ്റുകൾ വിറ്റഴിച്ചു. നിലവിൽ മൂന്നാം തലമുറ മോഡലാണ് വിപണിയിൽ ഉള്ളത്, 5.54 ലക്ഷം രൂപ മുതൽ 7.32 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയിൽ വാഗൺ ആർ ലഭ്യമാണ്.
1999 ഡിസംബർ 18 നാണ് മാരുതി വാഗൺ ആർ ആദ്യമായി ഇന്ത്യയിൽ പുറത്തിറക്കിയത്. കഴിഞ്ഞ 26 വർഷമായി ഒരു എൻട്രി ലെവൽ ഹാച്ച്ബാക്ക് എന്ന നിലയിൽ ഈ കാർ വളരെ ജനപ്രിയമാണ്, വിൽപ്പന കണക്കുകൾ ഇതിന് തെളിവാണ്. 2024-25 സാമ്പത്തിക വർഷത്തിൽ തുടർച്ചയായി നാലാം വർഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാരുതി വാഗൺആർ മാറി.
കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 1,98,451 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ മാർച്ചിൽ 17,175 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ വിറ്റ 16,368 യൂണിറ്റുകളേക്കാൾ 5% കൂടുതലാണിത്. മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നാലാമത്തെ കാറായിരുന്നു ഇത്. വാഗൺ ആറിന്‍റെ ഓരോ നാല് ഉപഭോക്താക്കളിൽ ഒരാൾ വീതം ഈ കാർ വീണ്ടും വാങ്ങുന്നുണ്ടെന്നും കമ്പനി പറയുന്നു.