സെഞ്ചുറിക്ക് പിന്നാലെ കീശയില്‍ നിന്ന് വെള്ള പേപ്പര്‍ എടുത്തുകാട്ടി അഭിഷേക് ശര്‍മ്മ; ഓറഞ്ച് ആര്‍മിക്ക് സമ്മാനം

ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്- പഞ്ചാബ് കിംഗ്സ് മത്സരം സാക്ഷ്യംവഹിച്ചത് രസകരമായ ഒരു നിമിഷത്തിന്. പഞ്ചാബ് കിംഗ്സിന്‍റെ 245 റണ്‍സ് പിന്തുടരവെ 40 പന്തുകളില്‍ സെഞ്ചുറി തികച്ച ശേഷം സണ്‍റൈസേഴ്സ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ ഗ്യാലറിയെ നോക്കി ഒരു വെള്ള പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയത് ആരാധകരുടെ കണ്ണിലുടക്കിയിരുന്നു. അഭിഷേക് ഈ പേപ്പര്‍ ഉയര്‍ത്തിക്കാണിക്കുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സില്‍ ഉടനടി വൈറലാവുകയും ചെയ്തു. എന്തിനാണ് അഭിഷേക് ആ പേപ്പര്‍ കഷണം ഉയര്‍ത്തിക്കാട്ടിയത് എന്ന് അപ്പോള്‍ ആര്‍ക്കും പിടികിട്ടിയില്ലെങ്കിലും പിന്നീട് ക്യാമറ റീപ്ലേകളില്‍ കാര്യം വെളിച്ചത്തായി.  

‘ഈ സെഞ്ചുറി ഓറഞ്ച് ആര്‍മ്മിക്കുള്ളതാണ്’ (This one is for Orange Army) എന്നായിരുന്നു അഭിഷേക് ശര്‍മ്മ ഹൈദരാബാദിലെ ശതകത്തിന് പിന്നാലെ കീശയില്‍ നിന്ന് ഉയര്‍ത്തിക്കാട്ടിയ വെള്ള പേപ്പറില്‍ എഴുതിട്ടുണ്ടായിരുന്നത്. ഹോം മൈതാനത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് 245 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചപ്പോള്‍ അഭിഷേകിന്‍റെ സെഞ്ചുറി ആരാധകര്‍ക്ക് ബാറ്റിംഗ് വിരുന്നായി എന്നതില്‍ തര്‍ക്കമില്ല. പേപ്പറില്‍ ഇന്ന് രാവിലെയാണ് ഇക്കാര്യം എഴുതിയത് എന്നും, രാവിലെ ഉണരുമ്പോള്‍ എന്തെങ്കിലും മനസില്‍ തോന്നുന്ന ഒരു കാര്യം ഇതുപോലെ എഴുതുന്ന ശീലമുണ്ടെന്നും, അതിന്ന് ഫലിച്ചെന്നും അഭിഷേക് ശര്‍മ്മ മത്സര ശേഷം വ്യക്തമാക്കുകയും ചെയ്തു. 

Read more: പഞ്ചാബിന്‍റെ 245 റണ്‍സ് പാട്ടുപാടി മറികടന്നു; ഐപിഎല്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി സണ്‍റൈസേഴ്സ്

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സ് വച്ചുനീട്ടിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണറായ അഭിഷേക് ശര്‍മ്മ 55 പന്തുകളില്‍ 14 ഫോറുകളും 10 സിക്‌സറുകളും ഉള്‍പ്പടെ 141 റണ്‍സെടുത്തു. 13-ാം ഓവറിലെ രണ്ടാം പന്തില്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് വിക്കറ്റ് നല്‍കി അഭിഷേക് മടങ്ങുമ്പോള്‍ ടീം സ്കോര്‍ 171 റണ്‍സിലെത്തിയിരുന്നു. പിന്നാലെ സഹ ഓപ്പണര്‍ ട്രാവിസ് ഹെഡ് 37 പന്തില്‍ 66 റണ്‍സെടുത്തും മടങ്ങി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ പുറത്താവാതെ ഹെന്‍‌റിച്ച് ക്ലാസനും (14 പന്തില്‍ 21*), ഇഷാന്‍ കിഷനും (6 പന്തില്‍ 9*)  സണ്‍റൈസേഴ്സിനെ 18.3 ഓവറില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയത്തിലെത്തിച്ചു. ഇതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്താന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി. 

Read more: കെ എല്‍ രാഹുലിന്‍റെ 132 പഴങ്കഥ, അഭിഷേക് ശര്‍മ്മയുടെ 141 റണ്‍സ് ഐപിഎല്ലില്‍ ഇന്ത്യക്കാരന്‍റെ ഉയര്‍ന്ന സ്കോര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin