റീബിൾഡ് പാലം ബൈ നാട്ടുകാർ! അല്ലാതെ രക്ഷയില്ല, ഓരോ വീട്ടിലും കയറി പിരിക്കും, കിട്ടിയ പണം കൊണ്ട് പണി തുടങ്ങി
പത്തനംതിട്ട: പുതിയ പാലത്തിന്‍റെ നിർമ്മാണം ഉപേക്ഷിച്ച് കരാറുകാരൻ മുങ്ങിയതോടെ തകർന്ന് വീഴാറായ പഴയപാലം ബലപ്പെടുത്താൻ ഒടുവിൽ നാട്ടുകാർ രംഗത്തിറങ്ങി. പത്തനംതിട്ട അത്തിക്കയം കൊച്ചുപാലത്തിന്‍റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണമാണ് ആക്ഷൻ കമ്മിറ്റി പിരിവെടുത്ത് തുടങ്ങിയത്. റീബിൽഡ് പദ്ധതിയിലെ കരാറുകാരന്‍റെ അനാസ്ഥ മൂലം മാസങ്ങളായി നാട്ടുകാർ വട്ടംകറങ്ങുകയാണ്.
വീടുവീടാന്തരം കയറി സഹായം അഭ്യർത്ഥിക്കുന്നു. ഉള്ളതു പിരിഞ്ഞുകിട്ടിയാൽ പഴയപാലമെങ്കിലും ബലപ്പെടുത്തി തൽകാലം യാത്ര ചെയ്യാം എന്നാണ് നാട്ടുകാര്‍ കണ്ടെത്തിയ ഉപായം. റീബിൾഡ് പദ്ധതിയിൽ റോഡ് പൂർത്തിയായി, പക്ഷേ പുതിയ പാലം നിർമ്മിക്കാതെ നാട്ടുകാരെ പറ്റിച്ച് കരാറുകാരൻ മുങ്ങി. ആറു മാസമായി കിലോമീറ്ററുകൾ കറങ്ങിയാണ് യാത്ര.
അഞ്ച് ലക്ഷം രൂപയാണ് നാട്ടുകാരുടെ ലക്ഷ്യം. അതുകൊണ്ട് പഴയപാലം താഴെപ്പോകാതെ സംരക്ഷണഭിത്തി കെട്ടണം. സർക്കാരിന്‍റെ ചുവപ്പുനാട ഒന്നും ഇവിടെ പ്രശ്നമല്ല. പിരിഞ്ഞുകിട്ടിയ പണം കൊണ്ട് നിർമ്മാണം തുടങ്ങികഴിഞ്ഞു. പദ്ധതിപ്രകാരം പുതിയ പാലം പൂർത്തിയാക്കാൻ അത്തിക്കയം പഞ്ചായത്തും റാന്നി എംഎൽഎയുമെല്ലാം പരമാവധി ശ്രമിച്ചു. പക്ഷേ കരാറുകാരനായ കാസർകോഡ് ചെങ്ങളം സ്വദേശി അബ്‍ദുൾ റഷീദ് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് വിശദീകരണം. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തി മറ്റൊരാൾക്ക് ഉടൻ കരാർ നൽകുമെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം