റണ്‍വേട്ടക്കാരില്‍ നിക്കോളാസ് പുരാന്റെ സര്‍വാധിപത്യം! സഞ്ജു സാംസണ്‍ ആദ്യ പതിനഞ്ചില്‍ നിന്ന് പുറത്ത്

ഹൈദരാബാദ്: ഐപിഎല്‍ 2025 റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പുരാന്‍. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരം 69.80 ശരാശരിയില്‍ 349 റണ്‍സാണ് നേടിയത്. 215.43 സ്‌ട്രൈക്ക് റേറ്റുണ്ട് പുരാന്. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനാണ് രണ്ടാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ നിന്ന് നേടിയത് 329 റണ്‍സ്. 54.83 ശരാശരിയിലാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. 151.61 സ്‌ട്രൈക്ക് റേറ്റും സായിക്കുണ്ട്. 

അഞ്ച് മത്സരങ്ങളില്‍ 265 റണ്‍സ് നേടിയ ലക്‌നൗവിന്റെ മിച്ചല്‍ മാര്‍ഷ് മൂന്നാം സ്ഥാനത്തുണ്ട്. പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (250), ജോസ് ബട്‌ലര്‍ (214) എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തുണ്ട്. ട്രാവിസ് ഹെഡ് (241), ശുഭ്മാന്‍ ഗില്‍ (208), അജിന്‍ക്യ രഹാനെ (204), എയ്ഡന്‍ മാര്‍ക്രം (202)സ സൂര്യകുമാര്‍ യാദവ് (199) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുതാരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആദ്യ പതിനഞ്ചില്‍ നിന്ന് പുറത്തായി. വിരാട് കോലി (186), കെ എല്‍ രാഹുല്‍ (185) എന്നിവര്‍ യഥാക്രമം  14, 15 സ്ഥാങ്ങളില്‍. 

അതേസമയം, പഞ്ചാബ് കിംഗ്‌സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആറ് മത്സരങ്ങള്‍ ഹൈദരാബാദ് പൂര്‍ത്തിയാക്കി. ഇതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ നാലിലും പരാജയമായിരുന്നു ഫലം. ഹൈദരാബാദിനോട് തോറ്റ് പഞ്ചാബ് ആറാം സ്ഥാനത്തേക്ക് വീണു. അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്കുള്ളത്. മൂന്നെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു.

ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാം സ്ഥാനത്തേക്ക് കയറി. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്ക്. നാലില്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. തോറ്റെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാമത് തുടരുന്നു. അവര്‍ക്കും എട്ട് പോയിന്റാണുള്ളത്. എന്നാല്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്തിന്, ലക്‌നൗവിന് മുന്നിലായി. നാല് മത്സരങ്ങളില്‍ നാലും ജയിച്ച ഡല്‍ഹി എട്ട് പോയിന്റോടെ ഒന്നാമത് തുടരും.

By admin