രാത്രി വെച്ചിട്ട് പോയ ബൈക്കുകൾ രാവിലെ കാണാനില്ല; 17കാരൻ കള്ള താക്കോലുകളിട്ട് കൊണ്ടുപോയത് നിരവധി വാഹനങ്ങൾ
ചെന്നൈ: രാത്രി പാർക്ക് ചെയ്തിട്ട് പോയ ബൈക്ക് രാവിലെ കാണാതായെന്ന യുവാവിന്റെ പരാതി അന്വേഷിച്ച് ചെന്ന പൊലീസ് സംഘം കണ്ടെത്തിയത് വൻ മോഷണ സംഘം. ചെന്നൈയിൽ നിന്നും തിരുവള്ളൂരിൽ നിന്നും ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന സംഘത്തെ വേപെരി പൊലീസാണ് കണ്ടെത്തിയത്. സംഘത്തിലൊരാളായ 17കാരനിൽ നിന്ന് 10 ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു.
പുതുപ്പെട്ട് സ്വദേശിയായ മെർലിൻ എന്നയാളാണ് ഏപ്രിൽ എട്ടാം തീയ്യതി താൻ രാത്രി നിർത്തിയിട്ടിരുന്ന ബൈക്ക് കാണാതായെന്ന് കാണിച്ച് പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയത് 17 വയസുള്ള ഒരു കുട്ടിയാണ് മോഷണത്തിന് പിന്നിലെന്നും. ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ മറ്റ് വിശദാംശങ്ങൾ കൂടി പുറത്തുവന്നത്.
ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ ഉപയോഗിച്ചാണ് ഇവർ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചിരുന്നതെന്ന് കണ്ടെത്തിയതായി പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ശേഷം വാഹനങ്ങളുടെ വ്യാജ രേഖകളുണ്ടാക്കി ഇവ വിൽക്കുന്നതായിരുന്നു പതിവ്. 17കാരനിൽ നിന്ന് 10 വാഹനങ്ങൾ പിടിച്ചെടുത്തു. ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം സർക്കാർ ഒബ്സർവേഷൻ ഹോമിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.