മലപ്പുറം:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അന്‍വര്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങള്‍ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പിവി അൻവര്‍ പറഞ്ഞു. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തോ, വിഎസ് ജോയിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാൽ പിന്തുണയ്ക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനം പറയാൻ പറ്റില്ലെന്നും പിവി അൻവര്‍ പറഞ്ഞു.
പിണറായിക്കെതിരെയുള്ള പോരാട്ടത്തിന് ഇറങ്ങുമ്പോൾ ശക്തിപകരേണ്ട ഘടകങ്ങളെ യോജിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. ഒരു കൂട്ടായ പ്രവർത്തനത്തിലൂടെയെ പിണറായിയെ തകർക്കാൻ കഴിയുകയുള്ളുവെന്നും പിവി അൻവർ പറഞ്ഞു. അതിനായി യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാകേണ്ടതുണ്ട്. യുഡിഎഫ് പ്രവേശനം ഉറപ്പായാൽ കൂടുതൽ പേര്‍ ഒപ്പം വരും. അത്തരത്തിൽ കൂട്ടായ പ്രവര്‍ത്തനം നടത്താനാകും. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം. ആര്‍ക്കാണ് വിജയ സാധ്യതയെന്ന് നേതൃകത്വത്തെ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തടസമെന്താണെന്നത് ഉത്തരവാദിത്വത്തപ്പെട്ടവരാണ് പറയേണ്ടത്. ആത്യന്തികമായി ലക്ഷ്യം പിണറായിസത്തെ തകര്‍ക്കലാണ്.
പിണറായിസത്തെ തകര്‍ക്കാനാണ് ഇത്രയും റിസ്ക്കെടുത്ത് താൻ എംഎൽഎ സ്ഥാനമടക്കം രാജിവെച്ചത്. കേരളത്തിലെ ജനവികാരം പിണറായിക്കെതിരെയാണെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് താൻ. അത് തെളിയിക്കാനുള്ള ബാധ്യത യുഡിഎഫിനുണ്ട്. പിണറായി വീണ്ടും അധികാരത്തിലെത്തുമോയെന്ന ചിന്ത ജനങ്ങള്‍ക്കുണ്ട്. എൽഡിഎഫ് ഉണ്ടാക്കുന്ന ഈ ഒരു പ്രതീതിയെ ഇല്ലാതാക്കാനുള്ള പോരാട്ടമാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടത്. താൻ മത്സരിക്കുന്നില്ല എന്ന് പറഞ്ഞത് ഈ തെരഞ്ഞെടുപ്പിലാണ്, അല്ലാതെ 2026 ൽ അല്ലെന്നും നിലമ്പൂരിൽ നടക്കാൻ പോകുന്നത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും അൻവര്‍ പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിഎസ് ജോയിയോയെ അതോ ആര്യാടൻ ഷൗക്കത്തോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. നിലമ്പൂരിൽ ഇന്ന് മുസ്ലീം ലീഗ് കണ്‍വെൻഷൻ നടക്കും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം ഏതു സമയവും വരാമെന്നിരിക്കെ മുന്നണികൾ തിരക്കിട്ട സ്ഥാനാർത്ഥി ചർച്ചകളിലാണ്. പാർട്ടിക്കു പുറത്തുള്ള വോട്ടുകൾ കൂടി ആകർഷിക്കാൻ കഴിയുന്ന സ്വതന്ത്ര സ്ഥാനാർഥിയെ ആണ് സിപിഎം പരിഗണിക്കുന്നത്. ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊ.തോമസ് മാത്യു, നിലമ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷിനാസ് ബാബു, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലി, എന്നിവർ ആണ് പരിഗണയിൽ. തനിക്ക് മത്സരിക്കാൻ സമ്മതമെന്ന മട്ടിൽ ഷറഫലി കഴിഞ്ഞ ദിവസം പ്രതികരിയ്ക്കുകയും ചെയ്തിരുന്നു.