മൈസുരുവിൽ ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈ‍ഡറിൽ ഇടിച്ച് അപകടം; മലയാളി യുവതി മരിച്ചു, യുവാവ് ചികിത്സയിൽ

ബെംഗളുരു: മൈസുരുവിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോട്ടയം എരുമേലി എരുത്വാപ്പുഴ സ്വദേശിനി കാർത്തിക ബിജു (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഗിരിശങ്കർ തരകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു നഞ്ചൻഗുഡിനടുത്തുള്ള കൊട്ഗൊള എന്ന സ്ഥലത്ത് വച്ച് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാൽ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവാവിനെ മൈസുരു ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നാട്ടിൽ നിന്ന് ബെംഗളുരുവിലേക്ക് തിരികെ വരികയായിരുന്നു ഇരുവരും. ബെംഗളുരുവിലെ ഒരു ഐടി സ്ഥാപനത്തിൽ സഹപ്രവർത്തകരാണ് രണ്ട് പേരും.

By admin