മിന്നല്‍ സാള്‍ട്ടും കിംഗ് കോലിയും, തരിപ്പണമായി രാജസ്ഥാൻ; ബെംഗളൂരുവിന് നാലാം ജയം
രാജസ്ഥാൻ റോയല്‍സിന് ആധികാരികമായി കീഴടക്കി സീസണിലെ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. രാജസ്ഥാൻ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒൻപത് വിക്കറ്റ് ശേഷിക്കെയാണ് ബെംഗളൂരു മറികടന്നത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ടും (65) വിരാട് കോലിയുമാണ് (62*) ബെംഗളൂരുവിന്റെ ജയം അനായാസമാക്കിയത്. ദേവദത്ത് പടിക്കല്‍ (40*) ഇരുവര്‍ക്കും മികച്ച പിന്തുണ നല്‍കി.
174 എന്ന ഭേദപ്പെട്ട സ്കോര്‍ പിന്തുടരാനിറങ്ങിയ ബെംഗളൂരുവിനെ സഹായിക്കും തരത്തിലായിരുന്നു രാജസ്ഥാന്റെ ഫീല്‍ഡിങ് പ്രകടനം. പവര്‍പ്ലെയ്ക്കുള്ളില്‍ തന്നെ കോലിയേയും സാള്‍ട്ടിനേയും പലകുറി രാജസ്ഥാൻ ഫീല്‍ഡര്‍മാര്‍ കൈവിട്ടു. എന്നാല്‍, കിട്ടിയ അവസരം ഇരുവരും ഉപയോഗിച്ചു. പവര്‍പ്ലെയില്‍ തന്നെ ബെംഗളൂരുവിന്റെ സ്കോര്‍ 65 റണ്‍സിലെത്തിയിരുന്നു.
28 പന്തിലാണ് ഫില്‍ സാള്‍ട്ട് തന്റെ അര്‍ദ്ധ സെഞ്ച്വറി കുറിച്ചത്. മറുവശത്ത് കോലി കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം അധികനേരം ക്രീസില്‍ തുടരാൻ സാള്‍ട്ടിനായില്ല. 65 റണ്‍സെടുത്ത താരത്തെ കുമാര്‍ കാര്‍ത്തികേയ ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു മടക്കി. അഞ്ച് ഫോറും ആറ് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.
92 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കോലി സാള്‍ട്ട് സഖ്യം നേടിയത്. മൂന്നാമനായി എത്തിയ പടിക്കല്‍ സാള്‍ട്ടിന്റെ പാത പിന്തുടര്‍ന്നതോടെ ബെംഗളൂരുവിന്റെ വിജയത്തിലേക്കുള്ള കുതിപ്പ് വേഗത്തിലായി. 39 പന്തില്‍ കോലി സീസണിലെ തന്റെ മൂന്നാം അര്‍ദ്ധ സെഞ്ച്വറി തികച്ചു. രണ്ടാം വിക്കറ്റില്‍ വേര്‍പിരിയാത്ത കോലി-പടിക്കല്‍ സഖ്യം ബെംഗളൂരുവിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
സീസണിലെ ബെംഗളൂരുവിന്റെ നാലാം ജയമാണിത്. രാജസ്ഥാന്റെ നാലാം തോല്‍വിയും.