ബംഗളുരുവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം കോഴിക്കോടെത്തി ഒളിവിൽ കഴിഞ്ഞു; പിന്തുടർന്നെത്തി കർണാടക പൊലീസ്
ബംഗളുരു: ബംഗളുരുവിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കേരളത്തിൽ നിന്ന് പിടിയിലായി. ബംഗളൂരു ബിടിഎം ലേ ഔട്ടിലെ റോഡിൽ വച്ച് യുവതിയെ കടന്നു പിടിച്ച യുവാവിനെയാണ് ബംഗളുരു പൊലീസ് കോഴിക്കോട് നടുവണ്ണൂരിൽ നിന്ന് പിടികൂടിയത്. കർണാടകയിൽ ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് കൂടി കാരണമായി മാറിയ സംഭവം നടന്ന് 10 ദിവസം പിന്നിടുമ്പോഴാണ് പ്രതിയെ പിടികൂടിയത്.
ബെംഗളൂരു തിലക് നഗർ സ്വദേശി സന്തോഷ് ഡാനിയേൽ ആണ് കോഴിക്കോട് നിന്ന് പിടിയിലായത്. ബിടിഎം ലേഔട്ടിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് സ്ത്രീകളെ ഇയാൾ പിന്തുടരുന്നതും സ്ത്രീകൾ ഇയാളെ അവഗണിച്ച് മുന്നോട്ട് പോകവെ ഒരു യുവതിയെ ഇയാൾ കടന്നുപിടിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ബംഗളുരുവിലെ ജാഗ്വാർ ഷോറൂമിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സന്തോഷിനായി പൊലീസ് അന്വേഷണം തുടങ്ങിയതോടെ ആദ്യം തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് രക്ഷപ്പെട്ടു. പിന്നീട് സേലത്ത് എത്തിയ ഇയാൾ അവിടെ നിന്ന് കോഴിക്കോട് എത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സന്തോഷിന്റെ ഉപദ്രവത്തിനിരയായ പെൺകുട്ടിയെയും അവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കണ്ടെത്തിയെങ്കിലും ഇവർ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അന്വേഷണത്തിന്റെ ഭാഗമാവാൻ താത്പര്യമില്ലെന്നും അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ വേണ്ടത്ര നിലവാരമില്ലാത്തവയായിരുന്നതിനാൽ പ്രതിയെ തിരിച്ചറിയാൻ വൈകിയെന്നാണ് പൊലീസിന്റെ വിശദീകരണം.