പുരാന്‍റെ സിക്‌സ് പതിച്ചത് മുഖത്ത്, ചോരയൊലിപ്പിച്ച് ആരാധകന്‍; മുറിവ് തുന്നിക്കെട്ടി വീണ്ടുമെത്തി വിജയാഘോഷം!
ലക്നൗ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ബാറ്റര്‍ നിക്കോളാസ് പുരാന്‍റെ സിക്‌സര്‍ പതിച്ച് ആരാധകന് പരിക്കേറ്റു. പന്ത് കൊണ്ട് മുഖത്ത് മുറിവേറ്റ് രക്തമൊഴുകിയ ആരാധകനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ മുറിവ് കെട്ടിയ ശേഷം സ്റ്റേഡിയത്തില്‍ തിരിച്ചെത്തിയ ആരാധകന്‍ ഗുജറാത്തിനെതിരായ ലക്‌നൗവിന്‍റെ വിജയത്തിന് സാക്ഷ്യം വഹിച്ചു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ലക്നൗവിലെ ഏകനാ സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനായി നിക്കോളാസ് പുരാന്‍ തകര്‍ത്തടിച്ചപ്പോള്‍ ലക്‌നൗ ആറ് വിക്കറ്റിന്‍റെ ജയം അവസാന ഓവറില്‍ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നേടിയ 180 റണ്‍സ് 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ മറികടന്നത്. സ്കോര്‍: ഗുജറാത്ത്- 180/6 (20), ലക്നൗ- 186/4 (19.3). ചേസിംഗില്‍ മൂന്നാമനായി ക്രീസിലെത്തിയ നിക്കോളാസ് പുരാന്‍ 34 പന്തില്‍ ഒരു ഫോറും ഏഴ് സിക്‌സുകളും സഹിതം 61 റണ്‍സെടുത്തു. പുരാന്‍റെ ഈ ഏഴ് സിക്‌സുകളിലൊന്നാണ് ഗ്യാലറിയിലിരുന്ന ആരാധകന്‍റെ മുഖത്ത് പതിച്ച് പരിക്കുണ്ടായത്.
മത്സരത്തില്‍ 61 റണ്‍സ് നേടിയതോടെ പുരാന്‍ ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഓറഞ്ച് ക്യാപ്പ് തിരിച്ച് പിടിക്കുകയും ചെയ്തു. സീസണിലെ ആറ് ഇന്നിംഗ്‌സുകളില്‍ 69.80 ശരാശരിയിലും 215.43 സ്ട്രൈക്ക് റേറ്റിലും 349 റണ്‍സാണ് പുരാന്‍റെ നേട്ടം. 31 സിക്‌സുകളുമായി സീസണിലെ സിക്‌സര്‍ വേട്ടയിലും പുരാനാണ് തലപ്പത്ത്. റണ്‍വേട്ടയില്‍ ആറ് ഇന്നിംഗ്‌സുകളില്‍ 329 റണ്‍സുള്ള ടൈറ്റന്‍സിന്‍റെ സായ് സുദര്‍ശനാണ് രണ്ടാമത്. ലക്നൗ സൂപ്പര്‍ ജയന്‍റ്സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിനിടെ ഒരുവേള സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ നിക്കോളാസ് പുരാന്‍ ഇത് തിരിച്ചുപിടിക്കുകയും ചെയ്തു.