പാതിരാത്രി പ്രാര്‍ത്ഥന, പത്തോളം കാറുകളിലായി അമ്പലത്തിലെത്തിയത് 30 യുവാക്കള്‍; ഇടപെട്ടപ്പോൾ പൂജാരിക്ക് മർദനം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു അമ്പലത്തില്‍ 30 ഓളം വരുന്ന യുവാക്കള്‍ ചേര്‍ന്ന് പുരോഹിതനെ മര്‍ദിച്ചു. രാത്രി വൈകി ഗേറ്റ് അടച്ചതിന് ശേഷവും അമ്പലത്തില്‍ കയറാന്‍ യുവാക്കള്‍ ശ്രമിച്ചത് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു അതിക്രമം.
ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പത്തോളം കാറുകളിലായെത്തിയ സംഘമാണ് പുരോഹിതനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ജിത്തു രഘുവാന്‍ഷി എന്ന യുവാവും സംഘവുമാണ് അതിക്രമം കാണിച്ചത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഗേറ്റ് അടച്ചെന്നും ഇനി അമ്പലത്തിലേക്ക് കയറാന്‍ സാധിക്കില്ലെന്നും പറഞ്ഞ പുരോഹിതനെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ അകത്തു കയറിയത്. തന്നെ യുവാക്കള്‍ മര്‍ദിക്കുകയും ചെയ്തെന്ന് പുരോഹിതന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അക്രമത്തിന് ശേഷം ഇവര്‍ അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വിഷയത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെന്നും അമ്പലത്തിന്‍റെ പരിസരങ്ങളിലായുള്ള 50 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കി.