പഞ്ചാബിന്‍റെ 245 റണ്‍സ് പാട്ടുപാടി മറികടന്നു; ഐപിഎല്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി സണ്‍റൈസേഴ്സ്

ഹൈദരാബാദ്: 245 റണ്‍സ് 9 പന്തുകള്‍ ബാക്കിനില്‍ക്കേ പുഷ്‌പം പോലെ മറികടക്കുക, ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്- പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ കണ്ടതെന്താണെന്ന് വിശ്വസിക്കാനാവാതിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പഞ്ചാബിനെതിരെ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.3 ഓവറില്‍ സണ്‍റൈസേഴ്സ് വിജയിച്ചപ്പോള്‍ ഒരു റെക്കോര്‍ഡും പിറന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിജയ ചേസിംഗ് എന്ന നേട്ടം സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 2024 ഐപിഎല്‍ സീസണില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 262 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച പഞ്ചാബ് കിംഗ്സ് മാത്രമാണ് പട്ടികയില്‍ സണ്‍റൈസേഴ്സിന് മുന്നിലുള്ളത്. 

മാത്രമല്ല, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ ഇത് 9-ാം തവണയാണ് ഹൈദരാബാദില്‍ വച്ച് പഞ്ചാബ് കിംഗ്സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുത്തുന്നത്. കൊല്‍ക്കത്തയില്‍ വച്ച് ഇതേ പഞ്ചാബിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഒമ്പത് വട്ടം തോല്‍പിച്ചിട്ടുണ്ട്. വാംഖഡെ സ്റ്റേഡിയത്തില്‍ കെകെആറിനെ 10 വട്ടം നിലംപരിശാക്കിയ മുംബൈ ഇന്ത്യന്‍സാണ് ഒരു ടീമിനെതിരെ ഒരേ മൈതാനത്ത് വച്ച് ഏറ്റവും കൂടുതല്‍ ജയങ്ങള്‍ സ്വന്തമാക്കിയ ടീം. ഹൈദരാബാദില്‍ 2015 മുതല്‍ എട്ട് മത്സരങ്ങളില്‍ പഞ്ചാബ് ടീമിനെതിരെ വിജയത്തുടര്‍ച്ച നേടി സണ്‍റൈസേഴ്സ്. ഇതും റെക്കോര്‍ഡ‍ാണ്. 

ഐപിഎല്‍ 2025ല്‍ റണ്‍മല കണ്ട മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. പഞ്ചാബിന്‍റെ 245 റൺസ് ഹൈദരാബാദ് ഒൻപത് പന്ത് ശേഷിക്കേ മറികടന്നു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയുടെ സെഞ്ചുറിയും ട്രാവിഡ് ഹെഡിന്‍റെ അര്‍ധ സെഞ്ചുറിയുമാണ് സണ്‍റൈസേഴ്സിന് അനായാസ ജയമൊരുക്കിയത്.  ഐപിഎല്‍ കരിയറിലെ ആദ്യ ശതകം തികച്ച അഭിഷേക് 55 പന്തുകളില്‍ 14 ഫോറും 10 സിക്സും സഹിതം 141 റണ്‍സെടുത്ത് മടങ്ങി. അഭിഷേക് ശര്‍മ്മ 40 പന്തുകളില്‍ 100 തികച്ചു. ഹെഡ് 37 പന്തുകളില്‍ 66 റണ്‍സെടുത്തും മടങ്ങി. പുറത്താവാതെ 14 പന്തില്‍ 21* റണ്‍സുമായി ഹെന്‍‌റിച്ച് ക്ലാസനും, 6 പന്തുകളില്‍ 9* റണ്‍സുമായി ഇഷാന്‍ കിഷനും മത്സരം ഫിനിഷ് ചെയ്തു. നേരത്തെ 36 ബോളുകളില്‍ 82 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിനെ 20 ഓവറില്‍ 245-6 എന്ന നിലയിലേക്ക് എത്തിച്ചത്. 

Read more: തുരുതുരാ സിക്‌സും ഫോറും, അഭിഷേകിന് അതിവേഗ സെഞ്ചുറി! പഞ്ചാബിന്റെ 245 മറികടന്ന് ഹൈദരാബാദ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin