തോറ്റിട്ടും പോയിന്റ് പട്ടികയില്‍ രാജസ്ഥാന്റെ സ്ഥാനത്തിന് മാറ്റമില്ല! കുതിച്ചുചാടി ആര്‍സിബി

ജയ്പൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ തോറ്റെങ്കിലും രാജസ്ഥാന്‍ റോയല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് തുടരുന്നു. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു സാംസണും കൂട്ടര്‍ക്കും നാല് പോയിന്റ് മാത്രമാണുള്ളത്. രണ്ട് മത്സരം ജയിച്ചപ്പോള്‍ നാലിലും ടീം പരാജയപ്പെട്ടു. ഇന്നത്തെ ജയത്തോടെ ആര്‍സിബി മൂന്നാം സ്ഥാനത്തേക്ക് കയറി. രണ്ട് സ്ഥാനങ്ങളാണ് ടീം മെച്ചപ്പെടുത്തിയത്. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ആര്‍സിബിക്ക്. 

ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമത് തുടരുന്നു. നാല് മത്സരങ്ങളില്‍ നാലും ജയിച്ച ഡല്‍ഹിക്ക് എട്ട് പോയിന്റാണുള്ളത്. കഴിഞ്ഞ  ദിവസം നടന്ന ഗുജറാത്ത് – ലക്നൗ മത്സരത്തിന് മുമ്പ് ഡല്‍ഹി രണ്ടാമതായിരുന്നു. എന്നാല്‍ ഗുജറാത്തിന്റെ തോല്‍വി ഡല്‍ഹിക്ക് ഗുണം ചെയ്തു. തോറ്റെങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാമത് തുടരുന്നു. അവര്‍ക്കും എട്ട് പോയിന്റാണുള്ളത്. എന്നാല്‍ ഉയര്‍ന്ന നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ആര്‍സിബിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി.

ആര്‍സിബിയുടെ വരവോടെ ലക്‌നൗ നാലാം സ്ഥാനത്തേക്ക് വീണു. ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്ക്. നാലില്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് അഞ്ചാം സ്ഥാനത്ത്. മൂന്ന് വീതം ജയവും തോല്‍വിയും. അതേസമയം, കഴിഞ്ഞ ദിവസം ഹൈദരാബാദിനോട് തോറ്റ് പഞ്ചാബ് ആറാം സ്ഥാനത്തേക്ക് വീണു. അഞ്ച് മത്സരങ്ങളില്‍ ആറ് പോയിന്റാണ് അവര്‍ക്കുള്ളത്. മൂന്നെണ്ണം ജയിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടു.

അവര്‍ക്ക് പിന്നിലാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് കിംഗ്സിനെതിരെ നേടിയ വിജയത്തിന് പിന്നാലെ ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്ക് കയറി. നേരത്തെ അവസാന സ്ഥാനത്തായിരുന്നു അവര്‍. ആറ് മത്സരങ്ങള്‍ ഹൈദരാബാദ് പൂര്‍ത്തിയാക്കി. ഇതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ നാലിലും പരാജയമായിരുന്നു ഫലം. 

അഞ്ച് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് ഒമ്പതാം സ്ഥാനത്തും ആറ് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് പത്താം സ്ഥാനത്തുമാണ്.

By admin