തിലകിന് അര്‍ധ സെഞ്ചുറി! ഡല്‍ഹിക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവച്ച് മുംബൈ ഇന്ത്യന്‍സ്
ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് 206 റണ്‍സ് വിജയലക്ഷ്യം. ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് തിലക് വര്‍മ (33 പന്തില്‍ 59) അര്‍ധ സെഞ്ചുറി നേടി. സൂര്യകുമാര്‍ യാദവ് (40), റിയാന്‍ റിക്കിള്‍ട്ടണ്‍ (41) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി. വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈക്ക് മികച്ച തുടക്കം നല്‍കാന്‍ സഹായിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. ഒന്നാം വിക്കറ്റില്‍ റിയാനൊപ്പം 47 റണ്‍സ് ചേര്‍ക്കാന്‍ രോഹിത്തിനായി. അഞ്ചാം ഓവറിന്റെ അവസാന പന്തിലാണ് രോഹിത് മടങ്ങുന്നത്. വിപ്രജിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രോഹിത്. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് സൂര്യ-റിയാന്‍ സഖ്യം 28 റണ്‍സും കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ റിയാനെ, കുല്‍ദീപ് യാദവ് മടക്കി. പിന്നീടാണ് മുംബൈ ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. സൂര്യ – തിലക് സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. 14-ാം ഓവറില്‍ സൂര്യയെ പുറത്താക്കി കുല്‍ദീപ് യാദവ് ബ്രേക്ക് ത്രൂ നല്‍കി.
തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്ക് (2) തിളങ്ങാനായില്ല. പിന്നീട് നമന്‍ ധിര്‍ പുറത്താവാതെ നേടിയ 38 റണ്‍സാണ് മുംബൈയെ 200 കടത്തിയത്. തിലകിനൊപ്പം 62 റണ്‍സ് ചേര്‍ക്കാന്‍ നമന് സാധിച്ചു. തിലക് അവസാന ഓവറില്‍ മടങ്ങി. 33 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും ആറ് ഫോറും നേടി. നമന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും മൂന്ന് ഫോറുമുണ്ടായിരുന്നു. വില്‍ ജാക്ക്‌സ് (1) പുറത്താവാതെ നിന്നു.
മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഡല്‍ഹി ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ ഫാഫ് ഡു പ്ലെസിസിന് പകരം അഷുതോഷ് ശര്‍മ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഡല്‍ഹി ക്യാപിറ്റല്‍സ്: ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, അഭിഷേക് പോറല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര.