ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്- പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ നാടകീയ രംഗങ്ങള്‍. പഞ്ചാബ് കിംഗ്‌സിനായി സ്‌പിന്നര്‍ ഗ്ലെന്‍ മാക്സ്‌വെല്‍ ഡിആര്‍എസ് എടുത്തതില്‍ അതൃപ്തി മൈതാനത്ത് പരസ്യമാക്കിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ‘ഞാനാണ് ക്യാപ്റ്റനെന്നും എന്നോട് ചോദിച്ചിട്ട് വേണ്ടേ ഡിആര്‍എസ് എടുക്കാന്‍’- എന്നും പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്നിംഗ്സിലെ അഞ്ചാം ഓവറിലെ രണ്ടാം പന്തിലായിരുന്നു വിവാദ സംഭവം. ലെഗ് സൈഡിലൂടെ പോയ തന്‍റെ പന്തില്‍ സണ്‍റൈസേഴ്സ് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ പഞ്ചാബ് കിംഗ്സ് വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ പിടികൂടിയെന്ന് സ്ഥാപിച്ച് ആദ്യം ഗ്ലെന്‍ മാക്സ്‌വെല്‍ ശക്തമായി അപ്പീല്‍ ചെയ്തു. ഫീല്‍ഡ് അംപയര്‍ മൗനം പാലിച്ചപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരോട് ചര്‍ച്ച ചെയ്യാതെ ഉടനടി മാക്‌സ്‌വെല്‍ ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു. റിവ്യൂ ആവശ്യപ്പെട്ട് മാക്സി തുടരെ തുടരെ സിഗ്നല്‍ കാട്ടി. ഇതോടെയാണ് ശ്രേയസ് അയ്യര്‍ കോപിച്ചത്. ‘ക്യാപ്റ്റനായ എന്നോടല്ലേ റിവ്യൂ എടുക്കും മുമ്പ് ആദ്യം ചോദിക്കേണ്ടത്’- എന്ന് കടുത്ത ഭാഷയില്‍ ഏതോ ഒരു സഹതാരത്തോട് അയ്യര്‍ വ്യക്തമാക്കുന്നത് വീഡിയോകളില്‍ കാണാം. ഡിആര്‍എസ് ടൈം തീരാന്‍ ഒരു സെക്കന്‍ഡ് മാത്രം ബാക്കിയുള്ളപ്പോള്‍ മാക്‌സ്‌വെല്ലിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ അയ്യര്‍ ഡിആര്‍എസ് എടുക്കുകയും ചെയ്തു. എന്നാല്‍ റിവ്യൂ പരിശോധനയില്‍ ട്രാവിസ് ഹെഡ് നോട്ടൗട്ടാണ് എന്ന് ടിവി അംപയറും വിധിച്ചു.
Shreyas Iyer’s angry reaction over DRS call. pic.twitter.com/huZBhbDn4F
— CricAsh (@ash_cric) April 12, 2025
മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ 245 റണ്‍സ് ഒമ്പത് പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. 55 പന്തില്‍ 14 ഫോറും 10 സിക്‌സറും സഹിതം 141 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയും 37 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പടെ 66 റണ്‍സെടുത്ത ട്രാവിസ് ഹെഡും ആണ് വിജയശില്‍പികള്‍. 40 പന്തില്‍ അഭിഷേക് സെഞ്ചുറി തികച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക്- ഹെഡ് സഖ്യം 12.2 ഓവറില്‍ 171 റണ്‍സ് ചേര്‍ത്തു. ഇരുവരും പുറത്തായെങ്കിലും ഹെന്‍റിച്ച് ക്ലാസനും (14 പന്തില്‍ 21*), ഇഷാന്‍ കിഷനും (6 പന്തില്‍ 9*) സണ്‍റൈസേഴ്സിനെ 18.3 ഓവറില്‍ അനായാസ വിജയത്തിലെത്തിച്ചു. നേരത്തെ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കരുത്തിലാണ് (36 പന്തില്‍ 82) ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറില്‍ 245-6 എന്ന സ്കോറിലെത്തിയത്.