കെ എല്‍ രാഹുലിന്‍റെ 132 പഴങ്കഥ, അഭിഷേക് ശര്‍മ്മയുടെ 141 റണ്‍സ് ഐപിഎല്ലില്‍ ഇന്ത്യക്കാരന്‍റെ ഉയര്‍ന്ന സ്കോര്‍
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനെട്ടാം സീസണില്‍ പഞ്ചാബ് കിംഗ്സിന്‍റെ 245 റണ്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് പിന്തുടര്‍ന്ന് ജയിച്ചതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി ഐപിഎല്ലില്‍ പിറന്നിരിക്കുന്നു. സണ്‍റൈസേഴ്സിനായി സെഞ്ചുറി തികച്ച അഭിഷേക് ശര്‍മ്മ (55 പന്തുകളില്‍ 141 റണ്‍സ്) ഐപിഎല്‍ ചരിത്രത്തില്‍ ഒരിന്ത്യക്കാരന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.
വെറും 55 പന്തുകളില്‍ 14 ബൗണ്ടറികളും 10 സിക്‌സുകളും സഹിതം 141 റണ്‍സുമായി മത്സരം പഞ്ചാബ് കിംഗ്സിന്‍റെ പക്കല്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ. ഐപിഎല്‍ കരിയറില്‍ അഭിഷേകിന്‍റെ ആദ്യ സെഞ്ചുറിയാണിത്. മാത്രമല്ല, ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍, ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്കോര്‍ എന്നീ നേട്ടങ്ങളും അഭിഷേക് ശര്‍മ്മ പേരിലാക്കി. ആര്‍സിബിക്കെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിനായി 69 പന്തുകളില്‍ പുറത്താവാതെ 132* റണ്‍സ് നേടിയ കെ എല്‍ രാഹുലായിരുന്നു ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന വ്യക്തിഗത ഐപിഎല്‍ സ്കോറിന്‍റെ റെക്കോര്‍ഡ് ഇതുവരെ കാത്തുസൂക്ഷിച്ചിരുന്നത്. 2020ല്‍ ദുബായില്‍ വച്ചായിരുന്നു രാഹുലിന്‍റെ ഈ ശതകം.
ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡ് ആര്‍സിബി കുപ്പായത്തില്‍ പൂനെ വാരിയേഴ്‌സിനെതിരെ പുറത്താവാതെ 175* റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്. 2013ലായിരുന്നു ഈ ഗെയിലാട്ടം. രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡ് ബ്രണ്ടന്‍ മക്കല്ലത്തിനാണ്. 2008ലെ ഐപിഎല്‍ കന്നി സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിക്കെതിരെയായിരുന്നു അന്ന് കെകെആര്‍ താരമായിരുന്ന മക്കല്ലത്തിന്‍റെ റണ്‍വേട്ട. ബ്രണ്ടന്‍ മക്കല്ലം അന്ന് പുറത്താവാതെ 158* റണ്‍സ് അടിച്ചുകൂട്ടി. ഇനിയാ പട്ടികയില്‍ മൂന്നാം സ്ഥാനം അഭിഷേക് ശര്‍മ്മയുടെ 141 റണ്‍സിനാണ്. ഐപിഎല്‍ 2022ല്‍ കെകെആറിനെതിരെ ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനായി പുറത്താവാതെ 140* റണ്‍സ് നേടിയ ക്വിന്‍റണ്‍ ഡിക്കോക്കാണ് പട്ടികയില്‍ നാലാമത്.
മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് മുന്നോട്ടുവെച്ച 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൺറൈസേഴ്സ് ഹൈദരാബാദ് അഭിഷേക് ശര്‍മ്മയുടെ സെഞ്ചുറിക്കരുത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. അഭിഷേകിന്‍റെ 141ന് പുറമെ സഹ ഓപ്പണര്‍ ട്രാവിസ് ഹെഡ് 37 ബോളുകളില്‍ 66 റണ്‍സെടുത്തു. ഇരുവരും ഒന്നാം വിക്കറ്റില്‍ 12.2 ഓവറുകളില്‍ 171 റണ്‍സ് ചേര്‍ത്തതാണ് മത്സരത്തിന്‍റെ വിധിയെഴുതിയത്.
Read more: പഞ്ചാബിന്‍റെ 245 റണ്‍സ് പാട്ടുപാടി മറികടന്നു; ഐപിഎല്‍ റെക്കോര്‍ഡുകള്‍ തൂത്തുവാരി സണ്‍റൈസേഴ്സ്