കാറ്റും മഴയും: കാട്ടകാമ്പാലിലും കൊച്ചന്നൂരിലും വ്യാപക നാശനഷ്ടം
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തിനടുത്ത് കാട്ടകാമ്പാലില്‍ ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപക നഷ്ടം. പ്രദേശത്ത് വീശിയടിച്ച ചുഴലിക്കാറ്റും കനത്ത മഴയുമാണ് വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയത്. ചുഴലിക്കാറ്റിലും കനത്ത മഴയിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെങ്ങാമുക്ക്, കരിച്ചാല്‍, കാഞ്ഞിരത്തിങ്കല്‍, ആനപ്പറമ്പ്, കാട്ടകാമ്പാല്‍, പലാട്ടുമുറി, നടുമുറി, ചിറയ്ക്കല്‍, സ്രായിക്കടവ്, ചിറയന്‍കാട്, രാമപുരം എന്നിവിടങ്ങളില്‍ മരം പൊട്ടി വീണ് വീടുകള്‍ക്കും ചിറയ്ക്കല്‍ സെന്ററിലെ ട്രാന്‍സ്‌ഫോര്‍മറിനും കേടുപാടുകള്‍ സംഭവിച്ചു. അറുപതിലേറെ കെ.എസ്.ഇ.ബി. പോസ്റ്റുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി.
തഹസില്‍ദാരുടെ നേതൃത്വത്തില്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിച്ചുവരുകയാണ്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ വൈദ്യുതബന്ധം പുന:സ്ഥാപിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഫയര്‍ഫോഴ്‌സ് പ്രധാന റോഡുകളിലെ തടസമായി വീണുകിടന്ന മരങ്ങള്‍ മുറിച്ചു മാറ്റി. എ.സി. മൊയ്തീന്‍ എം.എല്‍.എ, എസ്.സി. എസ്.ടി. കമ്മിഷന്‍ അംഗം ടി.കെ. വാസു തുടങ്ങിയവര്‍ ദുരന്തബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി എം.എല്‍.എ. അറിയിച്ചു. ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അടിയന്തര സഹായം ദുരന്തബാധിതര്‍ക്ക് അനുവദിക്കണമെന്ന് റവന്യൂ മന്ത്രിയോടും കലക്ടറോടും എം.എല്‍.എ. ആവശ്യപ്പെട്ടു. ദുരന്തബാധിത സ്ഥലങ്ങള്‍ സി.പി.എം. നേതാക്കളായ എം. ബാലാജി, എം. എന്‍. സത്യന്‍, ഏരിയാ സെക്രട്ടറി കെ. കൊച്ചനിയന്‍, ടി.സി. ചെറിയാന്‍, വി.കെ. ബാബുരാജ് എന്നിവര്‍ സന്ദര്‍ശിച്ചു.
വടക്കേക്കാട് കൊച്ചന്നൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശമുണ്ടായി. മരം പൊട്ടി വീണ് കാര്‍ ഷെഡ് തകര്‍ന്നു. മാവ് ഒടിഞ്ഞുവീണ് കൊച്ചന്നൂര്‍ എടക്കര മുഹമ്മദാലിയുടെ കാര്‍ ഷെഡാണ് തകര്‍ന്നത്. ഷെഡിനകത്ത് ഉണ്ടായിരുന്ന വാഹനങ്ങള്‍ക്ക് നിസാര കേടുപാടുകള്‍ സംഭവിച്ചു. സമീപത്തെ വീടിനു മുകളിലേക്ക് മരച്ചില്ല പൊട്ടിവീണു. കൊച്ചനൂര്‍ സ്‌കൂളിനു സമീപം വൈദ്യുതി കമ്പിയുടെ മുകളിലേക്ക് തെങ്ങു വീണു. കരിച്ചാല്‍ കടവ്, പെങ്ങാമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും കാറ്റ് നാശം വിതച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ തുടങ്ങിയ ശക്തമായ കാറ്റിലാണ് അപകടം. കൊച്ചന്നൂരിന്റെ പലഭാഗത്തും മരച്ചില്ലകള്‍ പൊട്ടിവീണു. മേഖലയില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെട്ടു.