കതാറയിൽ അല്‍ നഹ്മ ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദോഹ: ഖത്തറില്‍ കതാറ കള്‍ച്ചറല്‍ വില്ലേജ് സംഘടിപ്പിക്കുന്ന അല്‍ നഹ്മ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. കടല്‍പ്പാട്ട് മത്സരമാണ് ഫെസ്റ്റിവലിന്റെ പ്രധാന സവിശേഷത. ഖത്തരി പൈതൃകവും ജീവിതവുമായി ഇഴചേർന്ന് നിൽക്കുന്നവയാണ് കടൽപ്പാട്ടുകൾ. ഖത്തറിന്റെയും ഗൾഫ് മേഖലയുടെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുകയും,പരമ്പരാഗത സമുദ്ര ഗാനകലയായ അൽ നഹ്മയെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ഫെസ്റ്റിവലും അവാർഡ് ദാന ചടങ്ങും 15 വരെ നീണ്ടു നിൽക്കും.
സൗത്ത് കതാറ ബീച്ചാണ് വേദി. വൈകിട്ട് 6 മുതല്‍ രാത്രി 10 വരെയാണ് മത്സരം നടക്കുന്നത്.
മീന്‍ പിടിക്കാനും മുത്തുവാരാനും പോകുന്ന പായ്കപ്പലുകളിലും വഞ്ചികളിലും പാട്ടുപാടാന്‍ നിയോഗിക്കപ്പെടുന്ന വ്യക്തിയാണ് ‘നഹം’ എന്ന് അറിയപ്പെടുന്നത്. തലമുറകളായി കൈമാറി വന്ന പാട്ടുകളും പാരമ്പര്യവും നിലനിര്‍ത്താനും അവ പുതിയ തലമുറയിലേക്ക് കൈമാറാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിവിധ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അല്‍ നഹ്മ ഫെസ്റ്റിവലിൽ മത്സരിക്കും. ഇത്തവണ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരവും നടക്കുന്നുണ്ട്. 18,000 റിയാലാണ് ആകെ സമ്മാനത്തുക.
Read Also – അന്താരാഷ്ട്ര നിലവാരത്തോടെ കുവൈത്തിൽ പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ തുറന്നു