ഒരേയൊരു ലക്ഷ്യം ട്രംപിനെ കൊല്ലണം, 17 കാരനാൽ ആദ്യം കൊല്ലപ്പെട്ടത് അച്ഛനും അമ്മയും, ആവശ്യം പദ്ധതിക്കുള്ള പണം
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് പണം കണ്ടെത്താൻ 17കാരൻ സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തി. അമേരിക്കൻ പൊലീസ് കോടതിയിൽ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഫെഡറൽ അധികൃതർ മുദ്രവെച്ച കവറിൽ കോടതിയിൽ സമര്‍പ്പിച്ച രേഖകളിലാണ് ഞെട്ടിക്കുന്ന സംഭവം വിവരിക്കുന്നത്.
പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ ഫോൺ വിവരങ്ങളും സന്ദേശങ്ങളും പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. പതിനേഴുകാരനായ നികിത കാസപ് എന്ന യുവാവാണ് പ്രസിഡന്റിനെ വധിക്കാനും യുഎസ് സർക്കാരിനെ അട്ടിമറിക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഗൂഢാലോചന നടത്തിയതെന്ന് രേഖകളിൽ വ്യക്തമാകുന്നു. തന്റെ പദ്ധതികൾ നടപ്പിലാക്കാനും, അതിനുള്ള സാമ്പത്തിക ശേഷി കൈവരിക്കാനുമാണ് ഇയാൾ തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരിക്കുന്നു.
കാസപ്പിനെതിരെ ഒമ്പത് കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്, അതിൽ രണ്ട് കൊലപാതക കുറ്റങ്ങളും മൃതദേഹം ഒളിപ്പിച്ച കുറ്റങ്ങളാണ് പ്രാഥമികമായി ഉൾപ്പെടുത്തിയതെങ്കിലും, സത്യവാങ്മൂലം അനുസരിച്ച്, പ്രസിഡന്റിനെ കൊല ചെയ്യാൻ ഗൂഢാലോചന നടത്തിയതും അടക്കമുള്ള കുറ്റങ്ങളും പിന്നീട് അന്വേഷണ ഏജൻസികൾ ചുമത്തി.
കാസപ്പിന്റെ അമ്മ ടാറ്റിയാന കാസപ്പിനെയും രണ്ടാനച്ഛൻ ഡൊണാൾഡ് മേയറെയും വെടിയേറ്റ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 11 ന് അവർ കൊല്ലപ്പെട്ടതായി അധികൃതർ കരുതുന്നു. രണ്ടാനച്ഛന്റെ എസ്‌യുവി മോഷ്ടിച്ചതിനും തോക്ക് കൈവശം വച്ചതിനുമാണ് കാസപ്പിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.