ഐപിഎല്ലില്‍ ഇന്ന് ‘റോയല്‍’ പോരാട്ടം; സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ ആര്‍സിബിക്കെതിരെ, സാധ്യതാ ഇലവന്‍

ജയ്‌പൂര്‍: ഐപിഎൽ പതിനെട്ടാം സീസണില്‍ ഇന്നും രണ്ട് മത്സരങ്ങള്‍. സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് വൈകിട്ട് മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ജയ്പൂരിലെ ഹോം ഗ്രൗണ്ടിലേക്കുളള തിരിച്ചുവരവിൽ വിജയവും തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയൽസ് കളത്തിലിറങ്ങുക. അതേസമയം10 വർഷത്തിനിടെ ആദ്യമായി മുംബൈയിലും, പതിനേഴ് വർഷത്തിനിടെ ആദ്യമായി ചെന്നൈയിലും, നിലവിലെ ചാമ്പ്യൻമാരായ നൈറ്റ് റൈഡേഴ്സിനെ കൊൽത്തത്തയിലും വീഴ്ത്തിയ മികവ് ആവർത്തിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ ലക്ഷ്യം. 

സഞ്ജു സാംസൺ- യശസ്വി ജയ്സ്വാൾ ഓപ്പണിംഗ് കൂട്ടുകെട്ട് നൽകുന്ന തുടക്കം രാജസ്ഥാന്‍ റോയല്‍സിന് മത്സരത്തില്‍ ഏറെ നിർണായകമാകും. നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍ എന്നിവര്‍ക്കൊപ്പം ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ ഫിനിഷിംഗ് മികവിലേക്കും രാജസ്ഥാന്‍റെ ബാറ്റിംഗ് പ്രതീക്ഷകള്‍ നീളുന്നു. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് സഞ്ജു 28 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ ജയ്‌സ്വാള്‍ ആറ് റണ്‍സില്‍ പുറത്തായിരുന്നു. പരാഗ് മികച്ച തുടക്കം നേടിയെങ്കിലും റാണയും ജൂരെലും മികവിലേക്ക് ഉയര്‍ന്നുമില്ല. മികച്ച സ്പിന്നർമാരുടെ അഭാവവും രാജസ്ഥാന്‍ റോയല്‍സിന് പ്രതിസന്ധിയാണ്. അതേസമയം പ്രധാന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഫോം വീണ്ടെടുത്തതില്‍ റോയല്‍സിന് ആശ്വസിക്കാം. 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും വിരാട് കോലി, ഫിൽ സാൾട്ട് ഓപ്പണിംഗ് കൂട്ടുകെട്ടിനെ അമിതമായി ആശ്രയിക്കുന്നുണ്ട്. പവർപ്ലേയിൽ സാൾട്ടിന്‍റെ ആക്രമണ ഷോട്ടുകളാവും റൺനിരക്ക് നിശ്ചയിക്കുക. ദേവ്ദത്ത് പടിക്കലിന്‍റെ മങ്ങിയ ഫോം ആര്‍സിബിക്ക് ആശങ്കയാണ്. ബാറ്റിംഗില്‍ ക്യാപ്റ്റൻ രജത് പാടിദാറും ജിതേഷ് ശർമ്മയും ടിം ഡേവിഡും, ബൗളിംഗില്‍ ജോഷ് ഹേസല്‍വുഡും ക്രുനാല്‍ പാണ്ഡ്യയും അടക്കമുള്ളവരും മികവ് തുടർന്നാൽ ആർസിബിക്ക് ഈ സീസണില്‍ എതിരാളികളുടെ തട്ടകത്തിലുള്ള ആധിപത്യം ആവർത്തിക്കാം.

സാധ്യതാ ടീം

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരങ്ക/ഫസല്‍ഹഖ് ഫറൂഖി, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷന, തുഷാര്‍ ദേശ്‌പാണ്ഡെ, സന്ദീപ് ശര്‍മ്മ, കുമാര്‍ കാര്‍ത്തികേയ. 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ് സാള്‍ട്ട്, വിരാട് കോലി, ദേവ്‌ദത്ത് പടിക്കല്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലയാം ലിവിംഗ്സ്റ്റണ്‍/ജേക്കബ് ബേത്തല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യഷ് ദയാല്‍, സുയാഷ് ശര്‍മ്മ. 

Read more: സെഞ്ചുറിക്ക് പിന്നാലെ കീശയില്‍ നിന്ന് വെള്ള പേപ്പര്‍ എടുത്തുകാട്ടി അഭിഷേക് ശര്‍മ്മ; ഓറഞ്ച് ആര്‍മി ഹാപ്പി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin