ഇഷ്ടമാണ് എന്നും കൊല്ലാൻ പോകുന്നുവെന്നും പറഞ്ഞു, ക്രൂരമായി ഉപദ്രവിച്ചു,  ആൻഡ്രൂ ടേറ്റിനെതിരെ സ്ത്രീകൾ

ബ്രിട്ടീഷ്- അമേരിക്കൻ ഇൻഫ്ലുവൻസറും സ്ത്രീവിരുദ്ധനായി സ്വയം പ്രഖ്യാപിച്ചിക്കുന്നതുമായ ആൻഡ്രൂ ടേറ്റിന്റെ പേരിലുള്ളത് ​ഗുരുതരമായ കുറ്റകൃത്യങ്ങൾ. 2013 -നും 2015 -നും ഇടയിൽ ഇയാൾ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നാല് ബ്രിട്ടീഷ് സ്ത്രീകൾ നൽകിയ സിവിൽ കേസ് യുകെ ഹൈക്കോടതിയിൽ നടക്കുകയാണ്. 

ശാരീരികമായിട്ടുള്ള അതിക്രമവും, ബലാത്സം​ഗവുമടക്കം ആരോപിച്ചാണ് യുകെയിൽ നിന്നുള്ള നാല് സ്ത്രീകൾ ടേറ്റിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. നാല് സ്ത്രീകളിൽ ഒരാൾ പറഞ്ഞത്, ടേറ്റ് തന്റെ തലയിൽ തോക്ക് വച്ച ശേഷം അയാളുടെ ഉത്തരവുകൾ അനുസരിക്കാൻ ആവശ്യപ്പെട്ടു എന്നാണ്. ഇല്ലെങ്കിൽ, നരകയാതന അനുഭവിക്കേണ്ടി വരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയത്രെ. 

ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, ടേറ്റ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായിട്ടാണ് മറ്റൊരു സ്ത്രീ അവകാശപ്പെട്ടത്. താൻ ഇതിനകം തന്നെ ആളുകളെ കൊന്നിട്ടുണ്ട് എന്നാണ് ഇയാൾ മൂന്നാമത്തെ സ്ത്രീയെ ഭീഷണിപ്പെടുത്തിയത്. ഇയാൾ നേരത്തെ കിക്ക്‌ബോക്‌സറായിരുന്നു. പിന്നീടാണ് ഇൻഫ്ലുവൻസറായി മാറിയത്. 

തന്നെ സ്നേഹിക്കുന്നുവെന്ന് പറയാതിരിക്കുകയോ, മാപ്പ് പറയാതിരിക്കുകയോ അയാളെ അനുസരിക്കുകയോ ചെയ്യാതിരുന്നാൽ അത് ചെയ്യുന്നതു വരെ കഴുത്ത് പിടിച്ച് ഞെരിക്കുമായിരുന്നു എന്നും സ്ത്രീകൾ വെളിപ്പെടുത്തിയതായി കോടതിരേഖകളിൽ പറയുന്നു. സ്ത്രീകൾക്ക് നേരെ തോക്കുകളടക്കമുള്ള ആയുധങ്ങൾ ചൂണ്ടി ഇയാൾ ഭീഷണി മുഴക്കിയിരുന്നതായും പറയുന്നു. 

‘നിന്നെ ബലാത്സം​ഗം ചെയ്യണോ വേണ്ടയോ എന്ന് ഞാൻ ആലോചിക്കുകയാണ്’ എന്നാണ് ഇയാൾ തന്നോട് പറഞ്ഞതെന്നും ശേഷം തന്നെ ഉപദ്രവിച്ചു എന്നുമാണ് മറ്റൊരു സ്ത്രീ പറഞ്ഞത്. ഇയാളുടെ വെബ്കാം ബിസിനസിൽ ജോലി ചെയ്തിരുന്നവരാണ് സ്ത്രീകൾ. ഇതിൽ ഒരു സ്ത്രീയെ ലൈം​ഗികമായി ഉപദ്രവിച്ചതിനും കഴുത്തു ഞെരിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. അതേസമയം തന്നെ ഇയാൾ മറ്റൊരു സ്ത്രീയെ കൂടി ഉപദ്രവിച്ചതായും പറയുന്നു. വേറൊരു സ്ത്രീയെ ലൈം​ഗികബന്ധത്തിനിടെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയെന്നും അപ്പോഴും ഉപദ്രവിക്കുന്നത് തുടർന്നു എന്നും കോടതിരേഖകളിൽ പറയുന്നു. ‌

2019 -ൽ മൂന്ന് സ്ത്രീകൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) കുറ്റപത്രം സമർപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അതിക്രമങ്ങൾ നന്നത്. അതിനാൽ തെളിവുകൾ പലതും ഇല്ലാതായേക്കും എന്നാണ് ആശങ്ക. പോലീസും സിപിഎസും ഈ സ്ത്രീകൾക്ക് നീതി നിഷേധിച്ചുവെന്നാണ് ഇവരുടെ അഭിഭാഷകൻ പറഞ്ഞത്. 

അതേസമയം, മനുഷ്യക്കടത്ത്, ബലാത്സംഗം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് ആൻഡ്രൂ ടേറ്റും സഹോദരൻ ട്രിസ്റ്റനും റൊമാനിയയിൽ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. 

By admin