ഇന്ന് ഓശാനപ്പെരുന്നാൾ; രാജാക്കാട് ദേവാലയത്തിലെ വിശ്വാസികൾക്ക് മുടങ്ങാതെ മോഹനന്‍റെ സ്നേഹ കുരുത്തോലകൾ

ഇടുക്കി: യേശുക്രിസ്തുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ക്രൈസ്തവര്‍ ഇന്ന് ഓശാനപ്പെരുന്നാള്‍ ആഘോഷിക്കും. സഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്മരണമാണ് ഓശാന ഞായറിലെ തിരുക്കര്‍മങ്ങള്‍.

തലസ്ഥാനത്തെ ദേവാലയങ്ങളിലെല്ലാം ഓശാനപ്പെരുന്നാളിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. പാളയം സെന്‍റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നേതൃത്വം നൽകും. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം നൽകും. 

ഓശാന ദിനമായ ഇന്ന് ഇടുക്കി രാജാക്കാടുള്ള വിശ്വാസികൾ കുരുത്തോലകളുമായി ടൗണിൽ നടത്തുന്ന പ്രദക്ഷിണം മത സൗഹാർദത്തിന്‍റെ സന്ദേശം കൂടിയാണ്. രാജാക്കാട് ക്രിസ്തുരാജ ഫൊറോന ദേവാലയത്തിൽ ഓശാനക്ക് ആവശ്യമായ മുഴുവൻ കുരുത്തോലകളും വർഷങ്ങളായി എത്തിക്കുന്നത് ഹിന്ദുമത വിശ്വാസിയായ ഓണംപാറയിൽ മോഹനനാണ്.

കഴിഞ്ഞ എട്ട് വർഷമായി ഇടുക്കിയിലെ രാജാക്കാടുകാര്‍ ഓശാന ദിവസം കയ്യിലേന്തുന്നത് ഓണംപാറയിൽ മോഹനൻ ദേവാലയത്തിൽ എത്തിയ്ക്കുന്ന കുരുത്തോലകളാണ്. വർഷങ്ങൾക്ക്‌ മുൻപ് ഹൈറേഞ്ചിൽ തെങ്ങുകൾക്കു പലതരത്തിലുള്ള രോഗം ബാധിച്ചപ്പോൾ കുരുത്തോല കിട്ടാനില്ലാതായി. ഇത് മനസിലാക്കിയ മോഹനൻ തൻറെ പുരയിടത്തിലെ 23 തെങ്ങുകളിൽ നിന്ന് ഓല ശേഖരിച്ച് പള്ളിയിൽ എത്തിച്ചു. അന്ന് മുതൽ ഇതിന് മോഹനൻ മുടക്കം വരുത്തിയിട്ടില്ല.

ആയിരത്തിലധികം കുടുംബങ്ങളുള്ള ഇടവക ദേവാലയത്തിൽ, 5000 ലധികം ഓലകളാണ് ഓശാന ദിനം ആവശ്യമുള്ളത്. ടൗണിലെ ദേവാലയമായതിനാൽ സമീപ ഇടവകകളിൽ നിന്നും വിശ്വാസികളെത്തും. എല്ലാ മതവിശ്വാസികളും സൗഹൃദത്തോടെ കഴിയുന്നയിടമാണ് രാജാക്കാടെന്നും മതസൗഹാര്‍ദത്തിന്‍റെ സന്ദേശമാണ് ഈ കുരുത്തോല കൈമാറ്റത്തിലൂടെ നടക്കുന്നതെന്നും  ഇടവക വികാരി  ഫാ. മാത്യു കരോട്ട് കൊച്ചറയ്ക്കൽ പറഞ്ഞു ശനിയാഴ്ച തന്നെ ആവശ്യത്തിനുള്ള ഓലകൾ വെട്ടി ഒരുക്കി മോഹനൻ പള്ളിയിലെത്തിക്കും. രാജക്കാട്ടിൽ ബാർബർഷോപ്പ് നടത്തുകയാണ് മോഹനൻ. സമീപത്തുള്ള ജോസ് ഗിരി ദേവാലയത്തിലേയ്ക്ക് ആവശ്യമായ കുരുത്തോലകളുമിപ്പോൾ നൽകുന്നത് ഇദ്ദേഹമാണ്.

തഹാവൂർ റാണ കൊച്ചിയിൽ വന്നത് മുംബൈ സ്ഫോടനത്തിന് 10 ദിവസം മുമ്പ്; ഭാര്യയ്ക്കൊപ്പം താമസിച്ചത് മറൈൻ ഡ്രൈവിൽ

By admin