ഇതിലും വലുത് വരാനിരുന്നതാ; ഐപിഎല്‍ നാണക്കേട് പേരിലായി മുഹമ്മദ് ഷമി, വഴങ്ങിയത് 75 റണ്‍സ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനം എന്ന നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ മുഹമ്മദ് ഷമി. പഞ്ചാബ് കിംഗ്സ് ബാറ്റര്‍മാരുടെ തല്ല് നന്നായി അറിഞ്ഞ ഷമി തന്‍റെ നാലോവറില്‍ 75 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റ് ഒന്നുപോലും നേടിയുമില്ല. ഈ ഐപിഎല്‍ സീസണില്‍ തന്നെ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് നാല് ഓവറില്‍ 76 റണ്‍സ് വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പേരിലാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനത്തിന്‍റെ നാണക്കേടുള്ളത്. ആര്‍ച്ചറിനും വിക്കറ്റൊന്നും നേടാനായിരുന്നില്ല. 2024ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 73 റണ്‍സ് വിട്ടുകൊടുത്ത ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മോഹിത് ശര്‍മ്മയാണ് പട്ടികയില്‍ മൂന്നാമത്. 

ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിംഗും കണക്കിന് ശിക്ഷിച്ചതോടെ പഞ്ചാബ് കിംഗ്സ് ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ 14 റണ്‍സും, തൊട്ടടുത്ത വരവില്‍ 23 റണ്‍സും മുഹമ്മദ് ഷമി വഴങ്ങിയിരുന്നു. തന്‍റെ മൂന്ന് ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്തിരുന്ന ഷമിയെ പഞ്ചാബ് കിംഗ്സ് ഇന്നിംഗ്സിലെ അവസാന ഓവര്‍ എറിയാന്‍ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ക്ഷണിച്ചത് താരത്തിന് കനത്ത പ്രഹരമായി. ആദ്യ പന്തില്‍ മാര്‍ക്കോ യാന്‍സന്‍ സിംഗില്‍ നേടിയപ്പോള്‍ പിന്നീടങ്ങോട്ട് ഒരു ഡബിളും തുടര്‍ച്ചയായ നാല് സിക്‌സുകളുമായി ഷമിയെ പഞ്ഞിക്കിടുകയായിരുന്നു മാര്‍ക്കസ് സ്റ്റോയിനിസ്. ഇതോടെയാണ് നാല് ഓവര്‍ ക്വാട്ട പൂര്‍ത്തിയാകുമ്പോള്‍ ക്ഷമിയുടെ പേരിന് നേര്‍ക്ക് 75-0 എന്ന നമ്പര്‍ സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞത്. ഒരു റണ്‍ കൂടി ഷമി വഴങ്ങിയിരുന്നെങ്കില്‍ ആര്‍ച്ചര്‍ക്കൊപ്പം ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിലേക്ക് കൂപ്പുകുത്തുമായിരുന്നു.

ഹൈദരാബാദില്‍ മുഹമ്മദ് ഷമിയെ തല്ലിയോടിച്ച് പഞ്ചാബ് കിംഗ്സ് 20 ഓവറില്‍  245-6 എന്ന പടുകൂറ്റന്‍ സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നില്‍ പടുത്തുയര്‍ത്തി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന ടീം ടോട്ടലാണിത്. 36 ബോളുകളില്‍ ആറ് വീതം സിക്‌സും ഫോറുകളുമായി 82 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരുന്നു പഞ്ചാബ് കിംഗ്സിന്‍റെ ടോപ് സ്കോറര്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ 9 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സണ്‍റൈസേഴ്സ് 246 റണ്‍സ് വിജയലക്ഷ്യം സ്വന്തമാക്കി. 55 പന്തില്‍ 14 ഫോറും 10 സിക്‌സറും സഹിതം 141 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മയും 37 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പടെ 66 റണ്‍സെടുത്ത ട്രാവിസ് ഹെഡും ആണ് വിജയശില്‍പികള്‍. 40 പന്തില്‍ അഭിഷേക് സെഞ്ചുറി തികച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക്- ഹെഡ് സഖ്യം 12.2 ഓവറില്‍ 171 റണ്‍സ് ചേര്‍ത്തു. ഇരുവരും പുറത്തായെങ്കിലും ഹെന്‍‌റിച്ച് ക്ലാസനും (14 പന്തില്‍ 21*), ഇഷാന്‍ കിഷനും (6 പന്തില്‍ 9*) സണ്‍റൈസേഴ്സിനെ വിജയത്തിലെത്തിച്ചു. 

Read more: ഓറഞ്ച് ആര്‍മിക്ക് സമ്മാനം; സെഞ്ചുറിക്ക് പിന്നാലെ കീശയില്‍ നിന്ന് വെള്ള പേപ്പര്‍ എടുത്തുകാട്ടി അഭിഷേക് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin