ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ! കുത്തിയ തേവനോടും കുത്തേറ്റ കുഞ്ഞേലിയോടും ഹൈക്കോടതിയുടെ പ്രണയനിരീക്ഷണങ്ങൾ

കൊച്ചി: ഭാര്യയെ കുത്തിയ കേസിൽ 91കാരന് ദാമ്പത്യ ജീവിതത്തെ പറ്റിയുളള പ്രണയാതുരമായ ഉപദേശങ്ങളോടെ കേരള ഹൈക്കോടതിയില്‍ നിന്നും ഇന്നലെയുണ്ടായ ജാമ്യ ഉത്തരവ് നിയമവൃത്തങ്ങളിലും പൊതുസമൂഹത്തിലും ചര്‍ച്ചയാവുന്നു. 88 കാരിയായ ഭാര്യയെ കുത്തിയ കേസില്‍ ജയിലിലായ 91 വയസുകാരന് ജാമ്യം അനുവദിച്ചുളള ഉത്തരവിലായിരുന്നു ജസ്റ്റിസ് പിവി.കുഞ്ഞികൃഷ്ണന്‍റെ കവിതയില്‍ ചാലിച്ച പ്രണയ നിരീക്ഷണങ്ങള്‍ അടങ്ങിയത്.

ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ എന്ന എൻഎൻ കക്കാടിന്‍റെ കവിത ഉദ്ധരിച്ചുകൊണ്ടാണ്  91കാരനായ തേവന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ദാമ്പത്യത്തിലെ പ്രണയത്തെക്കുറിച്ച് ഹൈക്കോടതി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വാചാലനായത്.

85 വയസുകാരിയായ ഭാര്യ കുഞ്ഞേലിയെ കുത്തിയതിനാണ് 91 വയസുകാരന്‍ തേവന്‍ ജയിലിലായത്. ഈ 91ാം വയസിലും തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ഭാര്യ സംശയിക്കുകയാണെന്നും സംശയം സഹിക്കാനാവാതെയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നുമായിരുന്നു തേവന്‍ പൊലീസിന് നല്‍കിയ മൊഴി.

പ്രായം കൂടും തോറും പരസ്പര പ്രണയത്തിന്‍റെ ആഴവും കൂടുമെന്നും പ്രായം പ്രണയത്തിന് മങ്ങലേല്‍പ്പിക്കില്ലെന്നും ദമ്പതികള്‍ അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ആസ്വദിക്കാന്‍ പഠിക്കുമ്പോഴാണ് ദാമ്പത്യം മഹത്തരമാകുന്നതെന്നും വിധി പ്രസ്താവനയിൽ പറഞ്ഞു. ഭാര്യയെ കുത്തിയ തേവനോടും ഭര്‍ത്താവിന്‍റെ കു‍ത്തു കൊണ്ട കുഞ്ഞേലിയോടുമുളള ഉപദേശമായിട്ടായിരുന്നു ഈ പരാമര്‍ശങ്ങള്‍. ഭര്‍ത്താവിനോടുളള ആഴമേറിയ സ്നേഹം കൊണ്ടാണ് ഈ വാര്‍ധക്യത്തിലും ഭര്‍ത്താവിനെ കുഞ്ഞേലി ഇങ്ങനെ സൂക്ഷമമായി നിരീക്ഷിക്കുന്നതെന്നുമുളള രസകരമായൊരു നിരീക്ഷണവും വിധിപ്രസ്താവത്തില്‍ ജഡ്ജി പങ്കുവച്ചു.

ഭാര്യ മാത്രമാണ് ജീവിത സായാഹ്നത്തിലെ ഏക കൂട്ടുകാരിയെന്ന് തിരിച്ചറിയണമെന്ന് തേവനെ ജ‍ഡ്ജി ഓര്‍മിപ്പിച്ചു. വയോധിക ദമ്പതികള്‍ ജീവിതത്തിന്‍റെ ഇന്നിംഗ്സ് സന്തോഷത്തോടെ പൂര്‍ത്തിയാക്കട്ടെയെന്നുമുളള ആശംസയോടെ കക്കാടിന്‍റെ കവിത ഉദ്ധരിച്ചാണ് തേവനെ ജഡ്ജി അമ്പതിനായിരം രൂപയുടെ ആള്‍ജാമ്യത്തില്‍ കോടതി വിട്ടത്.

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി; ഉത്തരവിനെതിരെ നിയമ യുദ്ധത്തിന് കേന്ദ്രം, പുനപരിശോധന ഹർജി നൽകും

By admin